അവതരണം വലിച്ച് നീട്ടി; ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിംങ്ക്‌ളര്‍ വിവാദവും കോടതി ഇടപെടലും കത്തിനിന്നതോടെ പത്രസമ്മേളനത്തിലെ ചോദ്യങ്ങളില്‍ നിന്നും ഇന്നും ഒളിച്ചോടി മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങളുടെ സമയം പരമാവധി കുറക്കാന്‍ ബ്രീഫിംഗ് വലിച്ച് നീട്ടിയാണ് ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുനിന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ പിആര്‍ ടീം വാര്‍ത്താ സമ്മേളനത്തിന്റെ നിയന്ത്രണം കൈക്കലാക്കിയകായും ചില മാധ്യമപ്രവത്തകര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം നിഷേധിച്ചതായും പരാതിയുണ്ട്. കുറഞ്ഞ സമയത്തെ ചോദ്യത്തരവേളക്കിടെ മറ്റുചോദ്യങ്ങള്‍ ഉയര്‍ത്തില്ലെന്ന് ഉറപ്പുള്ളവരിലേക്കായി മാത്രം മൈക്ക് കൈമാറിയെന്നാണ് ആരോപണം. സ്പ്രിങ്ക്‌ലര്‍ വിവാദത്തിലുയരുന്ന ചോദ്യങ്ങളില്‍ നിന്ന് പിണറായി വിജയനെ രക്ഷിച്ചെടുക്കാന്‍ തിരുവനന്തപുരത്ത് പ്രത്യേക സംഘത്തെ സിപിഎം ഇറക്കിയതായും ഭീഷണിപ്പെടുത്തുന്നതായുമുള്ള ആരോപണവും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്.

എന്നാല്‍, സ്പ്രിംങ്ക്‌ളര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്കും ബാറുകള്‍ക്ക് അനുമതി നല്‍കിയ കാര്യത്തിലും മറുപടി പറയാനും മുഖ്യമന്ത്രി തയ്യാറായില്ല.

സ്പ്രിംങ്ക്‌ളര്‍ വിവാദത്തില്‍ ഹൈക്കോടതി പരാമര്‍ശത്തെ കുറിച്ചും കൊവിഡ് കാലത്ത് പുതിയ ബാറുകള്‍ക്ക് അനുവാദം നല്‍കിയ വിഷയം അടക്കമുള്ളവയില്‍ മറുപടി പറയാതെ മുഖ്യമന്ത്രി. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് 30 മിനിറ്റോളം വലിച്ച് നീട്ടി സംസാരിച്ച മുഖ്യമന്ത്രി ഏഴ് മണിയായതിനാല്‍ ഇനി ചോദ്യോത്തരങ്ങള്‍ക്ക് സമയമില്ലെന്നും നാളെ കാണാമെന്നും പറഞ്ഞ് വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

നിങ്ങളിന്ന് മാതൃകാപരമായാണ് പെരുമാറിയത്. ചോദ്യങ്ങളൊക്കെ നല്ലതായിരുന്നു. ഇന്നിനി ചോദ്യോത്തരങ്ങള്‍ക്ക് സമയമില്ല എന്നായിരുന്നു പ്രതികരണം. അതേസമയം, സ്പ്രിംങ്ക്‌ളര്‍ കമ്പനിക്ക് കരാര്‍ അനുസരിച്ച് നല്‍കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വിവാദത്തില്‍ മറുപടി ആവശ്യപ്പെട്ട് സ്പ്രിംങ്ക്‌ളറിന് മെയില്‍ അയക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്പ്രിംങ്ക്‌ളര്‍ വിവാദത്തില്‍ ഉന്നയിച്ച ഏതെങ്കിലും ഒരു കാര്യം തെറ്റാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് ഇന്ന് വെല്ലുവിളിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് കാലത്ത് പുതിയ ആറ് ബാറുകള്‍ക്ക് അനുമതി നല്‍കിയ വാര്‍ത്തയും ഇന്ന് പുറത്ത് വന്നിരുന്നു. ഇതില്‍ നിന്നെല്ലാം മനപൂര്‍വ്വം ഒഴിഞ്ഞ് മാറുകയായിരുന്നു മുഖ്യമന്ത്രി.

SHARE