ആഴ്ചയില്‍ അഞ്ചുദിവസം തലസ്ഥാനത്തു വേണമെന്ന് മുഖ്യമന്ത്രി, പറ്റില്ലെന്ന് മന്ത്രിമാര്‍

 

ആഴ്ചയില്‍ അഞ്ചുദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം മന്ത്രിമാര്‍ തള്ളി. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നായിരുന്നു മന്ത്രിമാരുടെ മറുപടി.
കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെതുടര്‍ന്ന് മന്ത്രിസഭായോഗം മാറ്റിവെക്കേണ്ടിവന്നിരുന്നു. പ്രധാനപ്പെട്ട ഓര്‍ഡിനന്‍സുകളുടെ കാലവധി നീട്ടുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ വേണ്ടിയായിരുന്നു പ്രത്യേക മന്ത്രിസഭായോഗം കൂടാന്‍ തീരുമാനിച്ചത്. എന്നാല്‍ പിണറായി വിജയനെ കൂടാതെ എ.കെ ബാലന്‍, തോമസ് ഐസക്, എം.എം മണി, ടി.പി രാമകൃഷ്ണന്‍, സി. രവീന്ദ്രനാഥ് എന്നീ സി.പി.എം മന്ത്രിമാരും ഘടക കക്ഷി മന്ത്രിയായ മാത്യു ടി. തോമസും മാത്രമാണ് യോഗത്തിനെത്തിയത്. ക്വാറം തികയാത്തതിനാല്‍ മന്ത്രിസഭാ യോഗം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തുകയും സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കര്‍ശന നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
എന്നാല്‍ ഇന്നലെ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലും മൂന്നു മന്ത്രിമാര്‍ പങ്കടുത്തില്ല. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഹകരണ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലായിരുന്നു. വ്യക്തിപരമായ ആവശ്യത്തിന് പോയ ധനമന്ത്രി തോമസ് ഐസകും സി.പി.ഐ കാസര്‍കോട് സമ്മേളനത്തില്‍ പങ്കെടുക്കുന്ന റവന്യു മന്ത്രി ഇ ചന്ദ്രശേഖരനുമാണ് പങ്കെടുക്കാതിരുന്നത്.
ഇന്നലെ രാവിലെ മന്ത്രിസഭാ യോഗം കൂടുന്നതിനു മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം അവതരിപ്പിച്ചു. എല്ലാ മന്ത്രിമാരും അഞ്ചു ദിവസം നിര്‍ബന്ധമായും തലസ്ഥാനത്ത് ഉണ്ടാകണം. മാത്രമല്ല വകുപ്പ് സെക്രട്ടറിമാരുമായി ചര്‍ച്ചകള്‍ നടത്തി ഭരണം കാര്യക്ഷമമാക്കാന്‍ അതാത് വകുപ്പുകളുടെ ചുമതലയുള്ളവര്‍ ശ്രദ്ധിക്കണം. സാധാരണക്കാരെ കാണാന്‍ ദിവസവും നിശ്ചിത സമയം വിനിയോഗക്കണമെന്നും മുഖ്യമന്ത്രി നിര്‍േദശിച്ചു.
എന്നാല്‍ ഈ നിര്‍ദേശം ഭൂരിഭാഗം മന്ത്രിമാരും തള്ളി. അഞ്ചു ദിവസം സെക്രട്ടറിയേറ്റില്‍ ഉണ്ടാകണമെന്ന കാര്യം നടക്കില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. വകുപ്പുകളുടെ യോഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകും. മണ്ഡലത്തിലെ കാര്യങ്ങളും നോക്കണം. അവിടെ വിളിക്കുന്ന പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടവയുണ്ടാകും. ഇവ ഉപേക്ഷിക്കാന്‍ പറ്റില്ല. ആഴ്ചയില്‍ രണ്ടു ദിവസം ഇതിനു തികയില്ല. അഞ്ചു ദിവസം ഇവിടെ അടയിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. നിങ്ങള്‍ക്ക് മറ്റു പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരു തടസവുമില്ല. എന്നാല്‍ അതിനു മുമ്പ് അനുമതി വാങ്ങിയിരിക്കണമെന്നും അല്ലെങ്കില്‍ അഞ്ചു ദിവസം നിശ്ചയമായും ഉണ്ടാകണമെന്നും മുഖ്യമന്ത്രി കര്‍ശനമായ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും അഞ്ചു ദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ആദ്യമൊക്കെ ഈ നിര്‍ദേശം പാലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മന്ത്രിമാര്‍ കൃത്യത പാലിക്കാതായി. തലസ്ഥാനത്തുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ ആഴ്ചയില്‍ മൂന്നു ദിവസം പോലും ഓഫീസില്‍ വരാതെയായി.
അതേ സമയം, മന്ത്രിമാര്‍ അഞ്ചു ദിവസം തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി വാശി പിടിച്ചിട്ടില്ലെന്നും മന്ത്രിമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കേണ്ടി വരിക സ്വാഭാവികമാണെന്നും കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പ്രതികരിച്ചു. നേരത്തെ ഇത്തരത്തില്‍ തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ക്വാറം തികയാതെ പിരിഞ്ഞ മന്ത്രിസഭാ യോഗത്തില്‍, മുഖ്യമന്ത്രിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയാണ് മന്ത്രിമാര്‍ മറ്റു പരിപാടികളില്‍ പങ്കെടുക്കാന്‍ തലസ്ഥാനം വിട്ടതെന്നായിരുന്നു മന്ത്രിമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി. ഇത് മന്ത്രി മേഴ്സിക്കുട്ടിയമ്മ പരസ്യമാക്കുകയും ചെയ്തിരുന്നു. ഇതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതായാണ് സൂചന. മുഖ്യമന്ത്രിയുടെ അനുമതി സി.പി.ഐ മന്ത്രിമാര്‍ മാത്രമാണ് വാങ്ങിയത്. വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അനുമതി നല്‍കിയത്. എന്നാല്‍ കുണ്ടറ ഉണ്ടായിരുന്ന മേഴ്സികുട്ടിയമ്മയോ ആലപ്പുഴ ഉണ്ടായിരുന്ന ജി സുധാകരനോ പങ്കെടുത്തില്ല. ഇവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി കണക്കു കൂട്ടിയത്. ക്വാറം തികയുമെന്നും മുഖ്യമന്ത്രി കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ ഇത് പാളുകയായിരുന്നു.

SHARE