ഏത്തമിടീക്കല്‍; കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്ക് പരസ്യശിക്ഷ നല്‍കിയ പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ലാക്ക്ഡൗണ്‍ ലംഘിച്ചവരെ പരസ്യമായി ഏത്തമിടീച്ച കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രക്കെതിരെ, കേരളത്തില്‍ കാണാത്ത തരത്തിലുള്ള ഒരു ദൃശ്യം ഇന്ന് കാണാനിടയായി എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സംഭവത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ചിലരെ ഏത്തമിടുവിക്കുന്ന ദൃശ്യം കാണാനിടയായി. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ല. പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പോലീസന്റെ യശസ്സിനെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെ ഡ്യൂട്ടി നിര്‍വഹിക്കുന്നവരാണ് പോലീസുകാര്‍. ഇതിന് നല്ല സ്വീകാര്യതയും ഉണ്ട്. അതിന് മങ്ങലേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാലില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്, മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ആളുകളെ ഏത്തമിടീച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയോട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ നേരത്തെ വിശദീകരണം തേടിയിരുന്നു. ഇത് ശരിയായ രീതിയല്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഏത്തമിടീക്കലിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ഡി.ജി.പി. പ്രതികരിച്ചു. ആദ്യം റിപ്പോര്‍ട്ട് വരട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യതീഷ് ചന്ദ്രയുടെ വിശദീകരണം ലഭിച്ചതിനു ശേഷമാകും തീരുമാനിക്കുക.

ഇതാദ്യമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പോലീസ് പരസ്യശിക്ഷ നടപ്പാക്കിയത്. വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെയാണ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പരസ്യശിക്ഷ നല്‍കി പൊലീസ് ഏത്തമിടീപ്പിച്ചത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പെട്രോളിങ്ങിനിടെയാണ് കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടി കര്‍ഫ്യൂ ലംഘിച്ചത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് രണ്ടുകേസുകളാണ് കണ്ണൂരില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലൊന്ന് മീന്‍ വാങ്ങാന്‍ പത്തുകിലോമീറ്റര്‍ അകലേക്ക് പോകാന്‍ ശ്രമിച്ചതിനാണെന്നാണ് റിപ്പോര്‍ട്ട്.

ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ അളുകള്‍ക്ക് കൂട്ടംകൂടാതെ പുറത്തിറങ്ങാന്‍ ഏഴ് മുതല്‍ അഞ്ചു വരെ സമയം കൊടുത്തിട്ടുണ്ടെന്നിരിക്കെ പൗര അഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയില്‍ പൊലീസ് നടത്തുന്ന അക്രമനടപടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിര്‍ശനം ഉയരുന്നിരുന്നു.

SHARE