തേഞ്ഞിപ്പലം: സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് സി.പി.എം താല്പര്യങ്ങള് മാത്രം പരിഗണിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇടതു അധ്യാപക സംഘടനാ നേതാവിനെ രജിസ്ട്രാറായി സിന്‍ഡിക്കേറ്റ് നിയമിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസോസിയേറ്റ് പ്രഫസറും വാഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗവുമായ ഡോ. സി.എല്‍ ജോഷിയാണ് രജിസ്ട്രാറായി നിയമിതനായത്.
നാല്പത് വയസിനും അമ്പതിനും ഇടയില്‍ പ്രായം, അഞ്ചു വര്‍ഷത്തെ വിദ്യാഭ്യാസ ഭരണപരിചയം, ഗവണ്മെന്റ് കോളജില്‍ നിന്ന് മാത്രമേ ഡെപ്യൂട്ടേഷനില്‍ വരാവൂ എന്നീ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജോഷിയെ രജിസ്ട്രാറായി നിയമിച്ചത്. അമ്പത് വയസ് കഴിഞ്ഞ വ്യക്തിയും പഠന വകുപ്പ് മേധാവി, കോളജ് പ്രിന്‍സിപ്പല്‍ എന്നീ പദവികളില്‍ അഞ്ചു വര്‍ഷം ഭരണപരിചയം ഇല്ലാത്തയാളും എയ്ഡഡ് കോളജിലെ അധ്യാപകനുമാണ് ഇദ്ദേഹമെന്നതിനാല്‍ നിയമനം കോടതി നടപടികളിലേക്കു നീങ്ങുകയാണ്. വേങ്ങര മലബാര്‍ കോളജ് പ്രിന്‍സിപ്പല്‍ സൈതലവി, മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജ് പ്രിന്‍സിപ്പല്‍ അജിംസ് മുഹമ്മദ് എന്നിവരായിരുന്നു രണ്ടും മൂന്നും റാങ്കുകാര്‍.
ചട്ടങ്ങള്‍ അട്ടിമറിച്ചുള്ള നിയമനത്തെയും മുന്‍ രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മജീദിനെ പ്രഫസറായി നിയമിക്കാതെ പീഡിപ്പിക്കുന്ന സര്‍ക്കാര്‍ സിന്‍ഡിക്കേറ്റ് ഗൂഢാലോചനയെ സിന്‍ഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് ചോദ്യം ചെയ്തു. അക്കാദമിക് സമൂഹ താല്പര്യങ്ങള് സംരക്ഷിക്കാതെ പാര്‍ട്ടി അജണ്ടക്കനുസരിച്ച് രജിസ്ട്രാറെ നിയമിച്ചതിനെതിരെ സമരവുമായി രംഗത്തിറങ്ങുമെന്ന് സി.കെ.സി.ടി നേതാക്കളായ ഡോ. അലവി ബിന്‍ മുഹമ്മദ്, പ്രഫസര്‍ പി.എം സലാഹുദ്ദീന്, പ്രഫസര്‍ ഷഹദ് ബിന്‍ അലി എന്നിവര്‍ പറഞ്ഞു.
ഒരു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷനില്‍ പുതിയ രജിസ്ട്രാര്‍ നിയമനം. ഒന്നര മണിക്കൂറിലേറെയായിരുന്നു രജിസ്ട്രാര്‍ നിയമന ചര്‍ച്ച’ സ്പോര്‍ട്സ് അതോറിറ്റി ആവശ്യപ്പെട്ട 20 ഏക്കര്‍ ഭൂമി നല്കി വാഴ്സിറ്റി കാമ്പസില്‍ ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കണമെന്ന സര്‍ക്കാരിന്റെ കത്ത് പരിഗണിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
വിദ്യാഭ്യാസ ആവശ്യത്തിന് അക്വയര്‍ ചെയ്ത ഭൂമി സായിക്ക് കൈമാറാന്‍ പാടില്ലെന്നും സിന്‍ഡിക്കേറ്റിന് ഭൂമി കൈമാറ്റത്തിന് നിയമപരമായി കഴിയില്ലെന്നും സിന്‍ഡിക്കേറ്റംഗം റഷീദ് അഹമ്മദ് യോഗത്തില്‍ വ്യക്തമാക്കി. സര്‍വകലാശാല ഭൂമി മറ്റ് ഏജന്‍സികള്‍ക്ക് കൈമാറുമ്പോള്‍ അക്കാദമിക താല്പര്യത്തിന് വിരുദ്ധമായ രീതിയിലുള്ള വ്യവസ്ഥകള്‍ പാടില്ലെന്ന് മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. വി.പി അബ്ദുല്‍ ഹമീദ് പറഞ്ഞു.