സച്ചിന്‍ പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്; പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉപമുഖ്യമന്ത്രിയും യുവനേതാവുമായ സച്ചിന്‍ പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്. ജയ്പൂരില്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് സച്ചിനെതിരെ അച്ചടക്ക നടപടി. ഇതിനായി നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി. സച്ചിന്‍ അനകൂല എം.എല്‍.എമാരും യോഗത്തിനെത്തിയിരുന്നില്ല. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

തന്നെ മുഖ്യമന്ത്രിയാക്കണം, മുതിര്‍ന്ന നേതാവ് അവിനാഷ് പാണ്ഡെയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കണം, തന്റെ അനുയായികള്‍ക്ക് പ്രധാന ഭാരവാഹിത്വങ്ങള്‍ നല്‍കണം എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് സച്ചിന്‍ മുന്നോട്ടു വച്ചിട്ടുള്ളത് എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജെയ്പൂരിലെ ഹോട്ടലില്‍ ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് സഭാ കക്ഷി യോഗത്തില്‍ 22 എം.എല്‍.എമാര്‍ വിട്ടു നിന്നതായാണ് സൂചന. പാര്‍ട്ടി എം.എല്‍.എമാര്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കക്ഷി നേതാവെന്ന നിലയില്‍ ഏകകണ്ഠമായ പിന്തുണ നല്‍കി.

സച്ചിനും അനുയായികളായ എം.എല്‍.എമാരും ഇപ്പോള്‍ മനേസറിലെ ഹോട്ടലിലാണ് താമസിക്കുന്നത്. ടൂറിസം മന്ത്രി വിശ്വേന്ദ്ര പ്രതാപ് സിങ് അടക്കമുള്ളവര്‍ സച്ചിനൊപ്പമാണ് നിലകൊള്ളുന്നത്.

അതിനിടെ, സച്ചിന്‍ പൈലറ്റിനെ ബി.ജെ.പി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മുതിര്‍ന്ന നേതാവ് ഓം പ്രകാശ് മാഥൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ബി.ജെ.പി ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കുന്നത്. എന്നാല്‍ ബി.ജെ.പിയിലേക്കില്ലെന്ന് നേരത്തെ സച്ചിന്‍ വ്യക്തമാക്കിയിരുന്നു.