പ്രേമലേഖനം; വിദ്യാര്‍ത്ഥികളെ ബഞ്ചില്‍ കെട്ടിയിട്ട സംഭവം; പ്രധാനധ്യാപികക്കെതിരെ നടപടി വേണമെന്നാവശ്യം

അനന്ത്പൂര്‍: ആന്ധ്രാപ്രദേശിലെ അനന്ത്പൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ക്ലാസിലെ ബഞ്ചില്‍ കെട്ടിയിട്ട് ശിക്ഷിച്ചു. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളെയാണ് സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ബഞ്ചില്‍ കെട്ടിയിട്ടത്. പ്രേമലേഖനമെഴുതിനാണ് അഞ്ചാം ക്ലാസുകാരനെ കെട്ടിയിട്ടതെങ്കില്‍ മറ്റു കുട്ടികളുടെ സാധനങ്ങള്‍ എടുത്തുവെന്ന് ആരോപിച്ചണ് മൂന്നാം ക്ലാസുകാരനെ ശിക്ഷിച്ചത്. അനന്ത്പൂര്‍ കദാരി ടൗണിലെ മൂസന്‍പേട്ട് അപ്പര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. പ്രധാനധ്യാപിക ശ്രീദേവിയുടെ നിര്‍ദ്ദേശപ്രകാരം നാലാം ക്ലാസുകാരമായ കുട്ടിയാണ് വിദ്യാര്‍ത്ഥികളെ ബെഞ്ചില്‍ കൈയും കാലും കെട്ടിയിട്ടത്.

സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം കുട്ടിയെ കെട്ടിയിട്ടിട്ടില്ലെന്നും മാതാവ് സ്‌കൂളില്‍ വന്ന് കുട്ടിയെ കെട്ടിയിട്ടതാണെന്നും പ്രധാനധ്യാപിക ആരോപിച്ചു.

എന്നാല്‍ സ്‌കൂള്‍ പരിസരത്ത് ഇത്തരമൊരു ക്രൂരതക്ക് ഇടം നല്‍കിയത് കുറ്റകരമാണെന്നാണ് സന്നദ്ധ സംഘടനാ ഭാരവാഹികള്‍ പറയുന്നത്. ക്രൂരകൃത്യം പുറം ലോകമറിഞ്ഞതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്‌കൂളില്‍ ഇതുപോലെയുള്ള ശിക്ഷകള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എന്നാല്‍ ഇത്രയും ചെറിയ പ്രായത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി പ്രേമലേഖനം എഴുതിയതില്‍ താന്‍ സന്തുഷ്ടനാണെന്ന് ആക്ടിവിസ്റ്റായ അച്യുത റാവു അഭിപ്രായപ്പെട്ടു.