ന്യൂഡല്‍ഹി: രാജ്യത്തിന്റെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥക്കെതിരെ വരുന്ന കടുത്ത ആക്രമണമാണ് കൊവിഡ് വൈറസ് ബാധയെന്ന് രാഹുല്‍ ഗാന്ധി. തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക ദുര്‍ബലത നിരത്തി ജനതാ കര്‍ഫ്യൂ ദിനത്തില്‍ പാത്രങ്ങള്‍ കൂട്ടിയടിച്ച് ശബ്ദമുണ്ടാക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തേയും അദ്ദേഹം ട്വിറ്ററിലൂടെ വിമര്‍ശിച്ചു.
നമ്മുടെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയ്ക്കെതിരായ കടുത്ത ആക്രമണമാണ് കൊറോണ വൈറസ്. ചെറുകിട, ഇടത്തരം ബിസിനസുകാരും ദൈനംദിന കൂലിത്തൊഴിലാളികളുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത്. കൈയ്യടിക്കുന്നതും മണിയടിക്കുന്നതും അവരെ സഹായിക്കില്ല. നേരിട്ടുള്ള പണ കൈമാറ്റം, നികുതിയിളവ്, വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ സാമ്പത്തിക പാക്കേജ് മാത്രമേ ഗുണം ചെയ്യൂ. പെട്ടെന്നുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് വരുന്ന സുനാമിയാണ് കൊറേണയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി മുന്നറയിപ്പ് നല്‍കിയിരുന്നു. സാമ്പത്തിക മേഖലയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങും ആവശ്യപ്പെട്ടിരുന്നു. നിലവിലെ തകര്‍ന്ന രാജ്യത്തിന്റെ ജിഡിപി നില കൊറോണ നിലത്തിരുത്തുമെന്നും സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.
അതേസമയം, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ സംബന്ധിച്ച് നിരവധി വ്യാജ പ്രചരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഞായറാഴ്ച രാവിലെ 7 നും രാത്രി 9 നും ഇടയില്‍ വീട്ടില്‍ ഇരിക്കാനാണ് പ്രധാനമന്ത്രി മോദി ആളുകളൊട് ആവശ്യപ്പെട്ടത്. അതോടൊപ്പം കര്‍ഫ്യൂ ആചരിക്കുന്നതിനിടെ നന്ദിയോടെ അഞ്ച് മിനിറ്റ് കൈയ്യടിക്കാനും ആഹ്വാനം നല്‍തി.
എന്നാല്‍ കൊറോണ വൈറസ് ഒരു ദിവസത്തെ കര്‍ഫ്യൂ കൊണ്ട് ഇല്ലാതാവുമെന്ന വ്യാജ പ്രചരണങ്ങളാണ് വാട്‌സആപ്പിലടക്കം നടക്കുന്നത്. വൈറസ് 12 മണിക്കൂര്‍ മാത്രമേ ജീവിക്കുന്നുള്ളൂ എന്നും മോദി പറഞ്ഞപോലെ കൈയടിച്ചാല്‍ വൈറസ് ചത്തുപോവുമെന്നും പ്രചാരണങ്ങളുണ്ട്.