പാലക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍സി.കെ.എം സ്വാദിഖ് മുസ്ലിയാര് അന്തരിച്ചു. സമസ്തയുടെ അമര സാന്നിധ്യമായിരുന്ന സാദിഖ് മുസ്ലിയാര് മുശാവറയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൂടിയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ട്രഷറര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്, സുപ്രഭാതം വൈസ് ചെയര്മാന്, അര നൂറ്റാണ്ടോളമായി പാലക്കാട് ജില്ലയുടെ കാര്യദര്‍ശി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
1941 ല്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരിലാണ് ജനനം. പിതാവിന്റെ തറവാട് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ അച്ചിപ്രയില്‍. ചെരടക്കുരിക്കള്‍ മുഹമ്മദ് സ്വാദിഖ് എന്നതാണ് ‘സി.കെ.എം സ്വാദിഖ് മുസ്ലിയാര്’ എന്ന വിളിപ്പേരായത്. ബിരുദ പഠനത്തിനു മഅ്ഖൂലാത്ത് നിര്‍ബന്ധവുമായിരുന്നു. അങ്ങനെയാണ് കുമരംപുത്തൂരില്‍ താഴേക്കോട് കുഞ്ഞലവി മുസ്ലിയാരുടെ ദര്സില് ചേരുന്നത്. അവിടെ രണ്ടു വര്‍ഷം പഠിച്ചു. പിന്നീട് പരപ്പനങ്ങാട് പനയത്തില്‍ പള്ളിയില്‍ കോട്ടുമല ഉസ്താദിന്റെ ദര്സില് രണ്ടു മാസത്തോളം പഠിച്ചു. താഴേക്കോട് കുഞ്ഞലവി മുസ്ലിയാരും കോട്ടുമല ഉസ്താദും ജാമിഅയിലും അദ്ദേഹത്തിന്റെ ഉസ്താദുമാരായിരുന്നു.
പിന്നീടാണ് ജാമിഅ നൂരിയ്യയില്‍ ചേരുന്നത്. ശംസുല്‍ ഉലമയും കോട്ടുമല ഉസ്താദും കെസി ജമാലുദ്ദീന്‍ മുസ്ലിയാരുമൊക്കെയായിരുന്നു ജാമിഅയിലെ ഉസ്താദുമാര്‍.
1976ലാണ് സമസ്തയുടെ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. പാലക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡïായിട്ടാണ് അദ്ദേഹം സംഘടനാ രംഗത്തെത്തുന്നത്. മദ്റസ മുഅല്ലിം ആയിരുന്നില്ലെങ്കിലും അദ്ദേഹത്തെ പ്രസിഡണ്ടാക്കുകയായിരുന്നു. പിന്നെ ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന കമ്മിറ്റിയിലെത്തി. പിന്നീട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധിയായി വിദ്യാഭ്യാസ ബോര്‍ഡിലും എത്തി. പാലക്കാട് ജില്ലയില്‍ എസ്.വൈ.എസ് കെട്ടിപ്പടുക്കാന്‍ ഇ.കെ. ഹസന്മുസ്ലിയാരോടൊപ്പം ഓടിനടന്നത് പാലക്കാട് ജില്ലക്കാര്‍ക്ക് ഇന്നും മധുരമുളള ഓര്‍മകളാണ്.