ചന്ദ്രശേഖര്‍ ആസാദിനെ ചേര്‍ത്തു പിടിച്ച് സി.കെ വിനീത്, പ്രതിഷേധത്തിന് വീണ്ടും പിന്തുണ

റാഞ്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് വീണ്ടും പിന്തുണ അറിയിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി കെ വിനീത്. ഇത്തവണ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ചിത്രം പങ്കുവച്ചാണ് വിനീത് പിന്തുണ അറിയച്ചത്. അടിക്കുറിപ്പില്‍ ആസാദെന്നും ചേര്‍ത്തിട്ടുണ്ട്. ഡല്‍ഹി ജുമാമസ്ജിദിന് മുന്നില്‍ പ്രക്ഷോഭം നയിക്കുന്ന ആസാദിന്റെ ചിത്രമാണ് വിനീത് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ഇതാദ്യമായിട്ടില്ല ഇക്കാര്യത്തില്‍ വിനീത് ഒരു നിലപാട് സ്വീകരിക്കുന്നത്. നേരത്തെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ചിത്രമടക്കം വിനീത് ട്വീറ്റുചെയ്തിരുന്നു. അന്ന് ജനാധിപത്യം, മതേതരത്വം എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു വിനീതിന്റെ ട്വീറ്റ്. നമ്മള്‍ എന്നും അവര്‍ എന്നും ഉള്ള വേര്‍തിരിവില്ലെന്നും വിനീത് കുറിച്ചിരുന്നു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരുമായ ഇര്‍ഫാന്‍ പത്താനും ആകാശ് ചോപ്രയും കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതേസമയം മറ്റ് പ്രമുഖ കായികതാരങ്ങളുടെ നിശബ്ദതയെ കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

SHARE