ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളില്‍ ഇന്ന് വാദം കേള്‍ക്കുന്നില്ലെന്ന് സുപ്രീം കോടതി. ശബരിമല ക്ഷേത്രം ഉള്‍പ്പെടെയുള്ള വിവിധ മതസ്ഥലങ്ങളിലെ സ്ത്രീകള്‍ക്കെതിരായ വിവേചനം സംബന്ധിച്ച വിഷയങ്ങളാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ഒമ്പത് ജഡ്ജി ബെഞ്ച് പറഞ്ഞു. ശബരിമല പുനഃപരിശോധന ഹരജികളില്‍ വാദം മുന്നോട്ടുവെച്ചപ്പോഴായിരുന്നു കോടതി ഇടപെടല്‍. ഏഴ് നിയമപ്രശ്‌നങ്ങള്‍ മാത്രമാണ് പരിഗണിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.
ശബരിമല വിഷയമുള്‍പ്പെടെയുള്ള മതപരമായ ആചാരങ്ങളിലെ കോടതി ഇടപെടല്‍ സംബന്ധിച്ച വിശാല ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങളില്‍ വ്യക്തത വരുത്തും. ശബരിമല കേസിന്റെ പുനരവലോകന ഹര്‍ജി ഞങ്ങള്‍ കേള്‍ക്കുന്നില്ല. 5 ജഡ്ജി ബെഞ്ച് നേരത്തെ പരാമര്‍ശിച്ച പ്രശ്‌നങ്ങള്‍ ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്. ഇതിനായി അഭിഭാഷകരുടെയും കക്ഷികളുടെയും യോഗം വിളിക്കാന്‍ വിശാലബഞ്ച് നിര്‍ദേശിച്ചു. ജനുവരി 17നാണ് ഇതിനായി യോഗം ചേരുക.
ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശം ആകാമെന്ന സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ പരിഗണിക്കുമ്പോഴാണ് മുസ്‌ലിം മതത്തിലടക്കം സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നതായി ഹരജികളും മറ്റുമതങ്ങളിലെ പൊതുവായ നിയമ പ്രശ്‌നങ്ങളും ഉയര്‍ന്ന് വന്നത്. തുടര്‍ന്ന് നിയമ പ്രശ്‌നങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭൂരിപക്ഷ വിധി എഴുതുകയായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചത്.
മറ്റുമതങ്ങളിലെ പൊതുവായ നിയമ പ്രശ്‌നങ്ങളായി സുപ്രീം കോടതിയില്‍ ഉയര്‍ന്ന വന്ന ഏഴ് ചോദ്യങ്ങളാണ് ഇപ്പോള്‍ ബെഞ്ചിന്റെ മുന്നിലുള്ളത്്. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും മറ്റ് മൗലികാവകാശങ്ങളും പരസ്പരം എങ്ങനെയാണ് നിലനില്‍ക്കുക. മത വിശ്വസത്തിലും ആചാരങ്ങളിലും ഇടപെടാന്‍ കോടതികള്‍ക്ക് അധികാരമുണ്ടോ, മതങ്ങളിലെ ആചാരങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അധികാരം മതമേലധ്യക്ഷന്മാര്‍ക്കുണ്ടോ, തുടങ്ങിയവയാണ് ചോദ്യങ്ങള്‍. ഇതോടൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, മറ്റ് മതത്തില്‍ നിന്നുള്ളവരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകള്‍ക്ക് അവരുടെ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്, ദാവൂതി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം തുടങ്ങിയ വിഷയങ്ങളും ശബരിമല അയ്യപ്പ ക്ഷേത്രത്തിന് ഹിന്ദു ആരാധനാലയ പ്രവേശനച്ചട്ടം ബാധകമാണോയെന്ന ചോദ്യവും ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്നുണ്ട്.
മതപരമായ ആചാരങ്ങളിൽ കോടതിക്ക് ഇടപ്പെടാമോ എന്നതാണ് സുപ്രീംകോടതി പരിഗണിക്കുന്ന പ്രധാന പ്രശ്നം. കേസിൽ കേന്ദ്രസർക്കാറിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഹാജരായിട്ടുണ്ട്. ചോദ്യങ്ങൾ പുനഃക്രമീകരിക്കണമെന്ന് തുഷാർ മേത്ത ആവശ്യപ്പെട്ടു. വിശാലബെഞ്ചിെൻറ പരിഗണനാ വിഷയങ്ങൾ കൃത്യപ്പെടുത്തണമെന്ന് മനുഅഭിഷേക് സിങ്വിയും കോടതിയിൽ വാദിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ, എൽ. നാഗേശ്വര റാവു, മോഹൻ എം. ശാന്തന ഗൗഡർ, എസ്. അബ്ദുൽ നസീർ, ആർ. സുഭാഷ് റെഡ്ഢി, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റ് അംഗങ്ങൾ.