ന്യൂഡല്‍ഹി: സുപ്രിംകോടതിയെയും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും വിമര്‍ശിച്ച ട്വീറ്റിന് തനിക്കെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടിയില്‍ വിശദമായ മറുപടി നല്കി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഭരണഘടന ഉറപ്പു നല്കിയ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് തന്റെ പ്രതികരണമെന്നും അതിനെ കോടതിയലക്ഷ്യമായി കാണുന്നത് എങ്ങനെ എന്നും അദ്ദേഹം ചോദിച്ചു.
ചീഫ് ജെസ്റ്റിസ് എസ്.എ ബോബ്ഡെ ഹെല്‍മറ്റും മാസ്കും ഇല്ലാതെ ഡേവിസണ്‍ ആഡംബര ബൈക്കില്‍ കയറിയിരുന്ന നടപടിക്കെതിരെയായിരുന്നു ഭൂഷണ് ട്വിറ്ററില്‍ വിമര്‍ശിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ്മാര്ക്കെതിരെയും അദ്ദേഹം സംസാരിച്ചിരുന്നു. ഔപചാരികമായ അടിയന്തരാവസ്ഥയില്ലാതെ പോലും ഇന്ത്യയില്‍ ജനാധിപത്യം എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് കാണാന്‍ ചരിത്രകാരന്മാര് കഴിഞ്ഞ ആറു വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഈ നാശത്തില്‍ സുപ്രീം കോടതിയുടെ പങ്ക്, പ്രത്യേകിച്ചും കഴിഞ്ഞ 4 സി.ജെ.ഐകളുടെ പങ്ക് അവര്‍ അടയാളപ്പെടുത്തും എന്നാണ് ഭൂഷന് ട്വിറ്ററില്‍ കുറിച്ചത്. സുപ്രിംകോടതി സ്വമേധയാ ആണ് ഭൂഷണെതിരെ നടപടികള്‍ ആരംഭിച്ചത്.
രണ്ടു പേജ് വരുന്ന കോടതിയലക്ഷ്യ നോട്ടീസിന് 132 പേജ് വരുന്ന സത്യവാങ്മൂലമാണ് ഭൂഷണ് മറുപടിയായി സമര്‍പ്പിച്ചത്. താന്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ ഹാജരായ നിരവധി കേസുകളില്‍ കോടതിയുടെ നിലപാടും ഭൂഷണ് അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നിരവധി കേസുകളില്‍ പൗരന്മാരുടെ മൗലികാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി കുറ്റപ്പെടുത്തി.
അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സുപ്രിം കോടതി മുന്‍ ജഡ്ജിമാരായ മദന്‍ ബി ലോകുര്‍, എ.പി ഷാ എന്നിവരുടെ കാഴ്ചപ്പാടുകള്‍ ഉദ്ധരിച്ചാണ് തന്റെ ട്വീറ്റിനെ ഭൂഷണ് ന്യായീകരിച്ചത്. ചീഫ് ജസ്റ്റിസ് സുപ്രിംകോടതിയില്ല എന്നും അദ്ദേഹം പറയുന്നു. അതേസമയം, ചീഫ് ജസ്റ്റിസ് മോട്ടോര്‍ സൈക്കളില്‍ ഇരുന്നതുമായി ബന്ധപ്പെട്ട തന്റെ പ്രതികരണത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എ്ന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് നിരവധി ആളുകള്‍ ചുറ്റും നില്‍ക്കെ ചീഫ് ജസ്റ്റിസ് മാസ്കില്ലാതെ നില്‍ക്കുന്നതിന്റെ സാംഗത്യത്തെ അദ്ദേഹം ചോദ്യം ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ എങ്ങനെ ആദരിക്കണം എന്ന് അദ്ദേഹം തന്റെ സത്യമാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ‘കഴിഞ്ഞ ആറു വര്‍ഷമായി ഭൂരിപക്ഷ ഭരണം ഭൂരിപക്ഷത്തിനു വേണ്ടിയുള്ള ഭരണമായി മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജനാധിപത്യം തെരഞ്ഞെടുപ്പ് ആധിപത്യത്തിലേക്കും മാറി’ – അദ്ദേഹം പറഞ്ഞു.
‘ജനാധിപത്യം എന്നു വിൡക്കുന്ന ഏതു രാഷ്ട്രീയ സംവിധാനത്തിലും ന്യൂനപക്ഷ അവകാശങ്ങള്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷത്തില്‍ മത ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ വ്യവസ്ഥാപിതമായി ഇല്ലാതാക്കപ്പെട്ടു. അവരെ, പ്രത്യേകിച്ചം മുസ്ലിംകളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റി’ – അദ്ദേഹം കുറ്റപ്പെടുത്തി.
ജാമിഅ മില്ലിയ്യയിലെയും ജെ.എന്‍.യുവിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ഗൗരവമായ ആക്രമണത്തില്‍ സുപ്രിംകോടതി നിഷ്ക്രിയമായിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ മുസ്ലിംകള് ആസൂത്രിതമായി ആക്രമിക്കപ്പെട്ടപ്പോള്‍ കോടതി കാഴ്ചക്കാരായി നോക്കി നിന്നു- ഭൂഷണ് പറഞ്ഞു.