സിവില്‍ സര്‍വീസ് പരീക്ഷ; നിയമനത്തില്‍ മുസ്ലിംകള്‍ അഞ്ച് ശതമാനം മാത്രം-ആദ്യ 100 പേരില്‍ ഒരാള്‍ മാത്രം

Chicku Irshad

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച 2019-ലെ സിവില്‍ സര്‍വീസസ് നിയമനങ്ങള്‍ക്കായി ശുപാര്‍ശ ചെയ്ത ആകെ 829 പേരില്‍ മുസ്‌ലിംങള്‍ 42 പേര്‍ മാത്രം. കഴിഞ്ഞ വര്‍ഷം ഇത് 28 ആയിരുന്നു. ഈ വര്‍ഷ സിവില്‍ സര്‍വീസ് പരീക്ഷ (സിഎസ്ഇ) വഴിയുള്ള നിയമനത്തില്‍ മുസ്ലിംകള്‍ അഞ്ച് ശതമാനം മാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മികച്ച വിജയം നേടിയ ആദ്യ 100 പേരില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നും ഒരാള്‍ മാത്രമാണുള്ളത്. 45-ാം റാങ്കുകാരിയും മലയാളിയും കൂടിയായ സഫ്‌ന നസറുദ്ദീനാണ് മുസ്‌ലിം കമ്മ്യൂണിറ്റിയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന റാങ്ക് നേടിയ ആള്‍.

തിരുവനന്തപുരം സ്വദേശിനിയായ സഫ്‌ന, മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേര്‍സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ആയിരുന്ന കേരള പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഹാജ നസറുദീന്റെ മകളാണ്. ഓള്‍ ഇന്ത്യ ലെവലില്‍ 45-ാം റാങ്കും കേരളത്തില്‍ 3-ാം റാങ്കും നേടിയാണ് 22 കാരിയായ പേയാട് സ്വദേശിനി ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസ്സുകാരി എന്ന നിലയില്‍ കൂടി വിജയം നേടിയിരിക്കുന്നത്. ആദ്യമായി എഴുതിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ തന്നെ കേരളത്തിന്റെ അഭിമാനമാനമായിരിക്കുകയാണ് സഫ്ന. മാര്‍ ഈവാനിയോസ് കോളേജില്‍ നിന്നും എക്കണോമിക്സില്‍ ബിരുദം നേടിയ സഫ്നയ്ക്ക് യൂണിവേഴ്സിറ്റി തലത്തില്‍ ഒന്നാം റാങ്കും പ്ലസ്ടുവിനു സിബിഎസ്ഇ ആള്‍ ഇന്ത്യ ലെവവലില്‍ ഒന്നും റാങ്കും നേടിയിരുന്നു. 35 വര്‍ഷം പൊലീസില്‍ സേവനം ചെയ്ത് റിട്ടയേര്‍ഡായ എസ്‌ഐ നാസറുദീനും ഭാര്യ റംലക്കും കോവിഡ് കാലത്ത് ഭാഗ്യമാവുകയാണ് മകള്‍.

കാലങ്ങളായി ഉന്നത സര്‍ക്കാര്‍ നിയമങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളാണ് ചെറിയ മാറ്റം സംഭവിക്കുന്നുണ്ട്. ഇന്ത്യയിലെ ജനസംഖ്യയുടെ 15 ശതമാനത്തോളം മുസ്ലിംകളാണെന്നാണ് മുന്‍ സെന്‍സസ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട 759 സ്ഥാനാര്‍ത്ഥികളില്‍ 4 ശതമാനം മാത്രമായിരുന്നു മുസ്‌ലിം സ്ഥാനാര്‍ത്ഥികളുടെ എണ്ണം. 2016 ബാച്ചിലാണ് ചരിത്രത്തില്‍ ആദ്യമായി യുപിഎസ്സി വഴി 50 മുസ്ലിംകളെ തെരഞ്ഞെടുക്കപ്പെട്ടത്. ആ വര്‍ഷം ആദ്യ 100 സ്ഥാനങ്ങളില്‍ 10 പേര്‍ എത്തുകയുമുണ്ടായി. 2017 ബാച്ചിലും 50 മുസ്ലിംകള്‍ റിക്രൂട്ട് ചെയ്യപ്പെട്ടിരുന്നു. 2012, 2013, 2014, 2015 ബാച്ചുകളില്‍ മുസ്‌ലിം റിക്രൂട്ട്‌മെന്റ് യഥാക്രമം 30, 34, 38, 36 എന്നിങ്ങനെയായിരുന്നു.

സച്ചാര്‍ കമ്മറ്റി വരുത്തിയ മാറ്റം

സിവില്‍ സര്‍വീസുകളില്‍ പിന്നോക്ക സമുദായങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ രംഗത്തെത്തണമെന്ന് തിരിച്ചറിവ് സമൂഹത്തില്‍ വന്നുതുടങ്ങിയത് 2006 ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ്. സ്വാതന്ത്ര്യത്തിന് ശേഷം വെറും 2.5 ശതമാനമായിരുന്ന നിലയാണ് അഞ്ച് ശതമാനക്കിലേക്ക് എത്തിയത്. 2016 മുതല്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളുടെ ശതമാനം അഞ്ച് ശതമാനമായി തുടരുന്നുണ്ട്. അതേസമയം, ഇന്ത്യയിലെ മൊത്തം മുസ്ലിംകളുടെ ശതമാനം 15 ശതമാനമാണെന്നിരിക്കെ സച്ചാര്‍ കണക്ക് അനുസരിച്ച് മുസ്‌ലിം പ്രാതിനിധ്യം ഉയര്‍ത്താന്‍ മൂന്നിരട്ടി ശ്രമം ഇനിയും നടക്കണം. ആദ്യ 100 സ്ഥാനങ്ങളില്‍ ഇടംനേടിയത് ഒരാള്‍ മാത്രമാണെന്നതും ആശങ്കാജനകമാണ്. 2001 സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച്, 3 ശതമാനം ഐഎഎസ് ഉദ്യോഗസ്ഥരും 1.8 ശതമാനം ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥരും 4 ശതമാനം ഐപിഎസ് ഉദ്യോഗസ്ഥരും മാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം.

യുപിഎസ്സി ചൊവ്വാഴ്ച പുറത്തുവിട്ട സിഎസ്ഇ ഫലങ്ങത്തില്‍ ആകെ 829 പേരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. 182 പേരെ റിസര്‍വ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദീപ് സിങിനാണ് ഒന്നാം റാങ്ക് നേടി. ആദ്യ നൂറില്‍ 10 മലയാളികളാണ് ഇടംനേടിയത്. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആര്‍. ശരണ്യ (36), സഫ്ന നസ്റുദ്ദീന്‍ (45), ആര്‍ ഐശ്വര്യ (47), അരുണ്‍ എസ്. നായര്‍ (55), എസ്. പ്രിയങ്ക (68), ബി യശസ്വിനി (71), നിഥിന്‍ കെ ബിജു (89), എ.വി ദേവിനന്ദന (92), പി.പി അര്‍ച്ചന (99) എന്നിവരാണ് ആദ്യ നൂറില്‍ ഇടം നേടിയ മറ്റു മലയാളികള്‍.

പരീക്ഷാര്‍ഥികള്‍ക്ക് https://www.upsc.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ഫലം അറിയാനാകും. ജനറല്‍ വിഭാഗത്തില്‍നിന്ന് 304 പേരും ഇ.ഡബ്ല്യു.എസ് 78, ഒ.ബി.സി 251, എസ്.സി 129, എസ്.ടി വിഭാഗത്തിലെ 67 പേരും ലിസ്റ്റില്‍ ഇടംനേടി. വിവിധ സര്‍വീസുകളിലായി 927 ഒഴിവുകളാണ് കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഐ.എ.എസ് 180, ഐ.എഫ്.എസ് 24, ഐ.പി.എസ് 150, ഗ്രൂപ്പ് എ സര്‍വീസ് 438, ഗ്രൂപ്പ് ബി സര്‍വീസുകളില്‍ 135-ഉം ഒഴിവുകളാണുള്ളത്.