അപകടത്തില്‍പ്പെട്ട വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിച്ചു; ഓഫ് ചെയ്തില്ല- വ്യോമയാന വിദഗ്ദ്ധര്‍

തിരുവനന്തപുരം: റണ്‍വേയില്‍ ഇറക്കാനുള്ള ശ്രമം പാളിയതോടെ അപകടത്തില്‍പ്പെട്ട വിമാനം വീണ്ടും പറന്നുയരാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. കോക്പിറ്റിലെ ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് വ്യോമയാന വിദഗ്ദ്ധര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. വിമാനത്തിന്റെ ത്രസ്റ്റ് ലിവര്‍ ടേക്ക് ഓഫ് പൊസിസഷനിലാണ് എന്നും എഞ്ചിന്‍ സ്റ്റാര്‍ട്ട് ലിവര്‍ ഓഫ് സ്ഥാനത്തല്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്‌ളാപ്പുകള്‍ പത്ത് ഡിഗ്രിയില്‍ താഴെ ആയാണ് ക്രമീകരിക്കേണ്ടത്. എന്നാല്‍ അവ 40 ഡിഗ്രിയിലായിരുന്നു. വിമാനം താഴെ വീണു പിളര്‍ന്നതോടെ എഞ്ചിന്‍ താനേ നിലച്ചതാണെന്നും നിഗമനമുണ്ട്.

സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അശ്രദ്ധമായ പ്രവൃത്തി മൂലമാണ് അപകടം എന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അപടത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിന് ഒപ്പം പൊലീസ് അന്വേഷണവും സമാന്തരമായി നടക്കും. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമാണ്.

വിമാനത്തിന്റെ സാങ്കേതികത്തകരാറും പരിശോധിക്കുന്നുണ്ട്. ഡി.ജി.സി.എയ്ക്ക് പുറമേ വിമാനനിര്‍മാണ കമ്പനിക്കും ചുമതല നല്‍കിയിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോളറും പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തില്‍ അപാകതയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

വിമാന ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും പരിശോധിക്കുന്നതിലൂടെ കൃത്യമായ അപകട കാരണം വ്യക്തമാകും. എന്നാല്‍ ഇതിന് ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും.

ദുബൈയില്‍ നിന്ന് 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നാലു കുട്ടികളും പൈലറ്റ് ദീപക് വന്ത് സാഠേയും സഹപൈലറ്റ് അഖിലേഷ് കുമാറും ഉള്‍പ്പെടെ 18 മരിച്ചു.