പൗരത്വനിയമം കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു; കൗണ്‍സലിങ്ങിനെത്തുന്നത് നിരവധി കുട്ടികളെന്ന് മാനസികരോഗ വിദഗ്ധര്‍

ഫസീല മൊയ്തു

കോഴിക്കോട്: പൗരത്വനിയമം കുട്ടികളില്‍ ഗുരുതര മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് മാനസികരോഗ വിദഗ്ധര്‍. പൗരത്വനിയമത്തിലൂടെ പുറത്താക്കപ്പെടുകയോ തടങ്കല്‍പാളയത്തില്‍ കിടക്കേണ്ട അവസ്ഥയോ ഉണ്ടാവുമെന്ന ഭീതിയില്‍ കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതായി മാനസികരോഗ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ മൂന്ന്-നാല് ആഴ്ച്ചകള്‍ക്കുള്ളില്‍ പത്തോളം കുട്ടികളാണ് കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ചികിത്സ തേടിയെത്തിയതെന്ന് സൈക്കോളജിസ്റ്റായ ഷറഫുദ്ദീന്‍ കടമ്പൂട്ട് പറഞ്ഞു. തടങ്കല്‍ പാളയത്തില്‍ പോകേണ്ടിവരുമോ എന്ന ഭീതിയാണ് കുട്ടികള്‍ക്കുള്ളതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

‘കഴിഞ്ഞ നാലാഴ്്ച്ചക്കുള്ളില്‍ പത്തോളം കുട്ടികള്‍ മാനസിക പ്രശ്‌നങ്ങളുമായി ചികിത്സിക്കാന്‍ വന്നിരുന്നു. വിദ്യാലയങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും നിയമത്തെക്കുറിച്ച് കേള്‍ക്കുകയും അതില്‍ ഭയപ്പെട്ടിട്ടുമാണ് കുട്ടികള്‍ എത്തിയത്. രക്ഷിതാക്കള്‍ തടങ്കല്‍ പാളയത്തിലാവുമോ എന്നും മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ വെവ്വേറെ ജയിലില്‍ കഴിയേണ്ടി വരുമോ എന്നതുമാണ് കുട്ടികളിലെ ഭയം’-ഡോക്ടര്‍ പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അക്രമവും മറ്റും കുട്ടികള്‍ ടിവിയിലും മൊബൈലിലുമായി കാണുന്നു. ഇത് സ്‌കൂളില്‍ വന്നാല്‍ മറ്റു വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്യുന്നു. ഒരു വിഭാഗം മാത്രം ജയിലിലാകുമെന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അനാവശ്യ ചര്‍ച്ചയും കുട്ടികളിലെ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ഉന്‍മേഷക്കുറവ്, പഠനത്തില്‍ താല്‍പ്പര്യമില്ലായ്മ, സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയപ്പോഴാണ് മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. തുടര്‍ന്നാണ് ഡോക്ടറുടെ അടുത്തെത്തുന്നത്. പിന്നീട് കൗണ്‍സലിങ്ങിലൂടെയാണ് പൗരത്വനിയമത്തിലുള്ള ഭീതിയാണെന്ന് കുട്ടികള്‍ പറഞ്ഞത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, തിരുവമ്പാടി, വെള്ളിമാട്കുന്ന് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ചികിത്സക്കായി എത്തിയതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. കഴഞ്ഞ ദിവസം ഡോക്യുമെന്റ്‌സ് നഷ്ടപ്പെട്ട ഒരു സ്ത്രീയും കൗണ്‍സലിങ്ങിനെത്തിയതായി ഡോക്ടര്‍ പറഞ്ഞു.

പ്രത്യക്ഷത്തില്‍ കാണുന്ന കേസുകള്‍ മാത്രമാണിവ. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കേസുകള്‍ വേറെയും കാണും. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. കുട്ടികളുമായി വരുന്ന രക്ഷിതാക്കളോട് ഇക്കാര്യം വിദ്യാലയങ്ങളില്‍ അവതരിപ്പിക്കാനും വേണ്ട രീതിയിലുള്ള ബോധവല്‍ക്കരണം നടത്താനും ആവശ്യപ്പെടാറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ചികിത്സക്കായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിങ്, ബിഹേവിയര്‍ തെറാപ്പി തുടങ്ങിയവയാണ് നല്‍കി വരുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഇത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കും. ഇത്തരം ചര്‍ച്ചകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിവാക്കാനും വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് കൗണ്‍സലിങ് ഉള്‍പ്പെടെയുള്ളവ സ്‌കൂളുകളില്‍ നടത്തണമെന്നുമാണ് ഡോക്ടറുടെ നിര്‍ദ്ദേശം.

SHARE