പൗരത്വ ബില്‍ ലോക്‌സഭയില്‍ പാസായി; കീറിയെറിഞ്ഞ് ഉവൈസി

ന്യൂഡല്‍ഹി: പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയക്ക് എത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.

രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ബില്ല് പാസായത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ അടക്കമുള്ളവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, സൗഗത റോയിയും
അസദുദ്ദീന്‍ ഉവൈസിയും രംഗത്തെത്തി. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയാല്‍ അമിത് ഷായുടെ പേര് ചരിത്രത്തില്‍ ഹിറ്റ്‌ലര്‍ക്കൊപ്പമാകുമെന്ന് അസദുദ്ദീന്‍ ഉവൈസിയും എന്നു തുടങ്ങി പ്രതിപക്ഷം വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉന്നയിച്ചത്.

ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന്റെ അവതരണത്തിനിടെ ലോക്‌സഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഹൈദരാബാദ് എം.പി അസദുദീന്‍ ഒവൈസിയുടെ പ്രതിഷേധം. പൗരത്വ ഭേദഗതി കൊണ്ടുവരുന്നത് രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് നിര്‍ദിഷ്ട ഭേദഗതിയെന്നും ബില്‍ കീറിയെറിയുന്നതിന് മുമ്പ് ഒവൈസി പറഞ്ഞു.

പൗരത്വബില്ല് രണ്ടാം വിഭജനമാണെന്ന് ആരോപിച്ചാണ് ഒവൈസി ബില്ല് കീറിയെറിഞ്ഞത്. മുസ്ലിങ്ങളെ ബില്ലില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ചൈനയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന് ഒവൈസി ചോദിച്ചു. ‘എന്താ സര്‍ക്കാരിന് ചൈനയെ പേടിയാണോ’, എന്ന് ഒവൈസിയുടെ പരിഹാസം. മുസ്ലിങ്ങളെ മാത്രമാണ് വേര്‍തിരിക്കുന്നത്. ഇത് വിഭജനമല്ലേ? ഒരു തരത്തില്‍ മുസ്ലിങ്ങളെ ഭൂപടത്തില്‍ ഇല്ലാത്തവരായി നിര്‍ത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്”, ഒവൈസി പറഞ്ഞു.

”ജനങ്ങളെ വിഭജിക്കുന്ന, നിറത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്ന ദക്ഷിണാഫ്രിക്കയിലെ നാഷണൽ റജിസ്റ്റർ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി മഹാത്മാ എന്ന പദത്തിലേക്കെത്തിയത്. ഞാനും ഈ ബില്ല് വലിച്ചു കീറുകയാണ്, മാ‍ഡം”, എന്ന് പറഞ്ഞ് അസദുദ്ദീൻ ഒവൈസി ബില്ല് രണ്ടായി കീറി.

സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി നാളെ പഞ്ചായത്ത്/മുനിസിപ്പല്‍ കേന്ദ്രങ്ങളിലേക്ക് മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിംലീഗ് എംപിമാര്‍ രാവിലെ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. മതേതരജനാധിപത്യ കക്ഷികളുമായി ചേര്‍ന്ന് ബില്ല് നിയമമാവാതിരിക്കാന്‍ സാധ്യമായതല്ലാം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞാലിക്കുട്ടി വിജയ് ചൗക്കില്‍ മാധ്യമപ്രവര്‍കരോട് പറഞ്ഞു. ബില്ല് നിയമമാവുകയാണങ്കില്‍ ബില്ലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് പാര്‍ട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. എംപിമാരായ ഇടി മുഹമ്മദ്ബഷീര്‍, പിവി അബ്ദുള്‍വഹാബ്, നവാസ്‌കനി എന്നിവര്‍ പ്രത്രസമ്മേളനത്തില്‍ പങ്കെടുത്തു

രാജ്യത്തെ മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പൗരത്വ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. രംഗത്തെത്തിയത്. ബില്ലിനെതിരെ രാഷ്ട്രീയമായും നിയമപരമായും പൊരുതുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബില്‍ മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. ബില്‍ പാസായാല്‍ കോടതിയെ സമീപിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.