പുല്‍വാമയില്‍ ആര്‍.ഡി.എക്‌സ് എങ്ങനെയെത്തിയെന്നാണ് ബിപിന്‍ റാവത്ത് പറയേണ്ടതെന്ന് എം.ഡി സാലിം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സി.പി.ഐ (എം) നേതാവ് എം.ഡി സാലിം. പുല്‍വാമയില്‍ എങ്ങനെയാണ് ആര്‍ഡിഎക്‌സ് പൊട്ടിത്തെറിച്ചതെന്നാണ് ബിപിന്‍ റാവത്ത് നമ്മോട് പറയേണ്ടെന്നായിരുന്നു എം.ഡി സാലിമിന്റെ വിമര്‍ശനം. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടുള്ള കരസേന മാധാവിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു സിപിഐഎം നേതാവിന്റെ ട്വീറ്റ്.

ബിപിന്‍ റാവത്ത് നമ്മോട് പറയേണ്ട ഒരേയൊരു കാര്യം മാത്രമാണ്. ഉയര്‍ന്ന ഗ്രേഡിലുള്ള 80 കിലോഗ്രാം ആര്‍.ഡി.എക്‌സ് അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്ന് ‘ഭൂമിയിലെ ഏറ്റവും സൈനികവല്‍ക്കരിക്കപ്പെട്ട മേഖല’ കടന്ന് പുല്‍വാമയില്‍ പൊട്ടിത്തെറിച്ചത് എങ്ങനെ എന്നതിലാണത്. രാജ്യത്തെ പ്രതിഷേധം പരിപാലിക്കാന്‍ ഞങ്ങള്‍ക്ക് ഇപ്പോഴും ഒരു ആഭ്യന്തര മന്ത്രാലയം ഉണ്ട്, എം.ഡി സാലിം ട്വീറ്റ് ചെയ്തു.

രാജ്യത്ത് ‘വംശീയ മേധാവിത്വം’ സ്ഥാപിക്കുന്നതിനായുളഅള സംഘപരിവാരിന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നായിരുന്നു സിഎഎയെ കുറിച്ചുള്ള, സാലിമിന്റെ വിമര്‍ശനം. ബില്ലിന്റെ ലക്ഷ്യം പൗരത്വം നല്‍കലല്ല, മറിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ സൂചിപ്പിച്ച് കരസേനാ മേധാവി നടത്തിയ പരാമര്‍ശമാണ് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. ബിപിന്‍ റാവത്തിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ബിപിന്‍ റാവത്തിന്റെ പ്രസ്താവന പൂര്‍ണ്ണമായും ഭരണഘടനാ ജനാധിപത്യത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ സംസാരിക്കാന്‍ സൈനിക മേധാവിക്ക് അനുവാദം നല്‍കിയാല്‍ നാളെ പട്ടാളം ഏറ്റെടുക്കുന്നതിനുള്ള അനുവാദവും നല്‍കുമെന്ന് കോണ്‍ഗ്രസ് വാക്താവ് ബ്രിജീഷ് കളപ്പ ചോദിച്ചു.

പുതിയ പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിനെതിരെ ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പരാമര്‍ശം തെറ്റാണെന്ന് മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എല്‍ രാംദാസ് പിടിഐയോട് വ്യക്തമാക്കിയിരുന്നു. സായുധ സേനയിലെ ആളുകള്‍ രാജ്യത്തെ സേവിക്കുകയെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള തത്ത്വമാണ് പിന്തുടരേണ്ടത്. മറിച്ച് ഏതെങ്കിലും രാഷ്ട്രീയ ശക്തികളെ സേവിക്കുന്ന് പണിയല്ല വേണ്ടതെന്നും, മുന്‍ നാവികസേനാ മേധാവി എല്‍ രാംദാസ് പറഞ്ഞു.
രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങള്‍ മൂന്ന് സേനാ വിഭാഗങ്ങളു പക്ഷപാതപരമാവരുതെന്നും നിഷ്പക്ഷത പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്ന ഒരു ആന്തരിക കോഡ് ഉണ്ട്, ഈ നിയമങ്ങള്‍ പതിറ്റാണ്ടുകളായി സായുധ സേനയുടെ അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദേശീയ പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്താകെ പ്രതിഷേധം കത്തിയുയരുമ്പോള്‍ ദേശീയവികാരം ഉണര്‍ത്തുന്ന യുദ്ധ സാധ്യത നിലനിര്‍ത്തുന്ന പ്രസ്താവനകളുമായി ഇന്ത്യന്‍ ആര്‍മി ചീഫ് ബിപിന്‍ റാവത്ത്, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ
രംഗത്തെത്തിയിരുന്നു. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ എപ്പോള്‍ വേണമെങ്കിലും രൂക്ഷമാകുമെന്നായിരുന്നു ന്യൂഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ റാവത്ത് പറഞ്ഞത്. അതുകൊണ്ട് ഇന്ത്യന്‍ സൈന്യം തയ്യാറായിരിക്കുകയാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ സശാസ്ത്ര സീമ ബെല്‍ (എസ്എസ്ബി) വാര്‍ഷികത്തില്‍ സംസാരിക്കവേയാണ് ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ അതിര്‍ത്തിയില്‍ ഉടന്‍ യുദ്ധത്തിന് സാധ്യതയുണ്ടെന്ന സൂചന നല്‍കിയത്. ഇന്ത്യ-നേപ്പാള്‍, ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി സുരക്ഷാ സേനയാണ് എസ്എസ്ബി. ഇന്ത്യയില്‍ സമാധാനം പാടില്ലെന്ന് ആഗ്രഹിക്കുന്ന ചില ശക്തികള്‍ അതിര്‍ത്തിയിലൂടെ രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അമിത്ഷായുടെ വാക്കുകള്‍. നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തികളിലൂടെ രാജ്യത്ത് കടന്ന് കുഴപ്പങ്ങളുണ്ടാക്കുവാനാണ് ആ ശക്തികള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കഴിഞ്ഞ ഫെബ്രുവരി 14നാണ് കശ്മീരിലെ പുല്‍വാമയില്‍ നടന്ന സ്‌ഫോടനത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയായി ഫെബ്രുവരി 27ന് വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ബാലാകോട്ടിലെ ജെയ്‌ഷെ കേന്ദ്രം ബോംബിട്ട് തകര്‍ത്തു.