പൗരത്വ ബില്‍; പാര്‍ട്ടിയിലും മുന്നണിയിലും ഭിന്നത,വെട്ടിലായി അമിത് ഷാ

പൗരത്വഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയതിന് പിന്നാലെ ബില്ലിനെ അനുകൂലിച്ച് ജെഡിയു വോട്ട് ചെയ്തതില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. മതം അടിസ്ഥാനമാക്കി പൗരത്വ അവകാശത്തില്‍ വിവേചനം കാണിക്കുന്ന ബില്ലാണിതെന്ന് അദ്ദേഹം പറഞ്ഞു.ഗാന്ധിയന്‍ ആശയങ്ങളിലൂന്നി മുന്നോട്ട് പോകുന്ന പാര്‍ട്ടി ബില്ലിനെ അനുകൂലിച്ചത് അംഗീകരിക്കാനാവില്ലെന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാനുള്ള തന്റെ പാര്‍ട്ടിയുടെ നീക്കത്തെ ജെഡിയു ഭരണഘടനയുമായി സമന്വയിപ്പിച്ച നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോര്‍ ആഞ്ഞടിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തുന്നതിനിടെ ബില്ലില്‍ പ്രതിഷേധിച്ച് പ്രമുഖ അസമീസ് നടനും ഗായകനുമായ രവി ശര്‍മ്മ ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു.ബില്ലിനെതിരെ ആസാമില്‍ പ്രതിഷേധം കത്തുന്നുതിനിടെ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയാണ് രവി ശര്‍മ്മ ബിജെപി വിട്ടത്.
ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന ആള്‍ അസം സ്റ്റുഡന്റ് യൂണിയന് (എ.എ.എസ്.യു) പൂര്‍ണ്ണ പിന്തുണയ പ്രഖ്യാപിച്ച നടന്‍ താന്‍ പ്രക്ഷോപത്തിന്‍ പങ്കാളിയാകുമെന്നും അദ്ദേഹം അറിയിച്ചു.
‘പൗരത്വഭേദഗതി ബില്ലിനെതിരായ എന്റ നിലപാട് നേരത്തെ തന്നെ വ്യക്തമാണ്. ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു. എതിര്‍പ്പ് തുടരും. അസമിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും’ രവി ശര്‍മ്മ പറഞ്ഞു.

ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ പാസാക്കിയതിന് പിന്നാലെ അസമില്‍ വ്യാപക പ്രതിഷേധം നടന്നുവരുകയാണ്. അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. സംസ്ഥാനത്തുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധ രാത്രിയോടെ ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് അസമില്‍ അക്രമങ്ങള്‍ വ്യാപകമായത്.

SHARE