പൗരത്വബില്ലില്‍ മുസ്‍ലിം ലീഗിന്‍റെ പാര്‍ലമെന്‍ററി ഇടപെടല്‍

സലീല്‍ ചെമ്പയില്‍

മുസ്‌ലിം ലീഗിന്‍റെ ഏറ്റവും ജാഗ്രത്തായ പാർലമെന്‍ററി ഇടപെടലാണ് The Citizenship (amendment) Bill 2019 ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ കണ്ടത്. ഡിസംബർ 9ന് ബിൽ ലിസ്റ്റ് ഓഫ് ബിസിനസിൽ ഉണ്ട് എന്നറിഞ്ഞ മുതൽ ലീഗ് എംപിമാർ ജാഗ്രത പൂണ്ടു. ബില്ലിനെതിരുള്ള പോരാട്ടത്തിൽ പ്രതിപക്ഷത്തെ സമാനമനസ്കരുമൊത്ത് സാധ്യമാവുന്നതെല്ലാം ചെയ്തതിന്‍റെ ആത്മവിശ്വാസം പികെ കുഞ്ഞാലിക്കുട്ടി എം പിയുടെ ശരീരഭാഷയിലുണ്ടായിരുന്നു. ബില്ലവതരണത്തിന് മുമ്പുതന്നെ പാർലിമെന്‍റ് കവാടത്തിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ ലീഗിന്‍റെ നാല് എംപിമാരും അണിനിരന്ന് തങ്ങളുടെ പ്രതിഷേധം ലോകത്തിന് മുമ്പാകെ പരസ്യപ്പെടുത്തി.

ബില്ലവതരണാനുമതി ആവശ്യപ്പെട്ടള്ള ചർച്ചയുടെ തുടക്കത്തില്‍ തന്നെ ഇടി മുഹമ്മദ്‌ ബഷീറും പികെ കുഞ്ഞാലിക്കുട്ടിയും ബില്ലിനെ ഖണ്ഡിച്ചു. ബില്ലിലൂടെ സർക്കാർ പ്രകടമാക്കുന്ന മുസ്‌ലിം വിരുദ്ധതയെ അവര്‍ അസന്നിഗ്ദ്ധമായി ചൂണ്ടിക്കാട്ടി. മുസ്‍ലിംകളെ പൂർണമായും അവഗണിച്ചുകൊണ്ടുള്ള ബില്ല് നിയമപരമായി നിലനിൽക്കില്ല എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞ ഉടനെ എഴുന്നേറ്റ് മറുപടി പറഞ്ഞ അമിത് ഷാക്ക് മുമ്പിൽ പൂർവാധികം ശക്തിയോടെ സാഹിബ് നിലപാട് ആവർത്തിച്ചു.

മതത്തിന്‍റെ പേരിലുള്ള, ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ പാടെ നിരാകരിക്കുന്ന നിയമ നിർമാണത്തെ പാർലമെന്‍റ് ചരിത്രത്തിലെ കറുത്ത അധ്യയായമെന്നാണ് ബഷീര്‍ വിശേഷിപ്പിച്ചത്. ഈ നിയമം രാജ്യത്തെ മതത്തിന്‍റെ പേരിൽ വിഭജിക്കും, മുസ്‍ലിംകളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കും, അത് ആർട്ടിക്കിൾ 14ന്‍റെ ലംഘനമാണ്, അതിനാൽ തന്നെ ഭരണഘടനാവിരുദ്ധമാണ് എന്ന് ലീഗ് എംപിമാര്‍ കൃത്യമായി വാദിച്ചു.

കുഞ്ഞാലിക്കുട്ടി മൂന്ന് ഭേദഗതി നിർദേശിച്ചു. കൃത്യസമയത്തു തന്നെ അദ്ദേഹം ഭേദഗതിക്കുള്ള നോട്ടീസ് നൽകുകയും അമൻമെന്‍റ് മൂവ് ചെയ്യുകയും ഡിവിഷൻ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ 12ാം അമൻമെന്റ് 94 വോട്ടുകളോടെ പ്രതിപക്ഷത്തെ ഏറ്റവും കൂടുതൽ വോട്ടുനേടിയ ഭേദഗതിയായി. മതവിഭാഗങ്ങളേയും അവരുടെ രാജ്യങ്ങളേയും വേർതിരിച്ചു കാണുന്നതിന് പകരം “any person belonging to any religion irrespective of caste, creed, race,sex or place of birth” എന്ന ഭേദഗതി നിർദ്ദേശം സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ലീഗ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയനിലപാടുകളുടെ ആകെത്തുകയാണ്. ഭരണഘടനാമൂല്യങ്ങളോടുള്ള ലീഗിന്‍റെ പ്രതിപത്തിയാണത്. അനുകൂലഫലം കൊണ്ടുവന്നില്ലെങ്കിലും ഈ ബില്ലിനെതിരെ നേതൃത്വം എത്രത്തോളും മുന്നൊരുക്കവും കഠിനപരിശ്രമവും നടത്തി എന്നതിന്‍റെ തെളിവാണത്. മൂന്ന് എംപി മാരും ആദ്യാവസാനം സഭയിൽ സജീവമായും ക്രിയാത്മകമായും ഇടപെടുന്നതും ആഭ്യന്തര മന്ത്രിയുടേതടക്കം പ്രസംഗങ്ങൾ സസൂക്ഷ്മം ശ്രദ്ധിക്കുന്നതും കാണാമായിരുന്നു.

പാർലമെന്‍റിനെ സഗൗരവം കണ്ടിരുന്ന പൂർവസൂരികളുടെ ഓര്‍മ ഒരുവേള പലരുടെയും മനസ്സില്‍ മിന്നിമറഞ്ഞിട്ടുണ്ടാവണം. ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്‍റെയും ജിഎം ബനാത്ത്‍വാലയുടെയും ഇ അഹമ്മദ് സാഹിബിന്‍റെയും കാലം. ഒന്നാം വാജ്പെയ് സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ ചർച്ചയിൽ രാത്രി വൈകുവോളം പാർലിമെന്‍റിൽ സംസാരിച്ച ബനാത്ത്‍വാല സാഹിബിനെ എങ്ങിനെ മറക്കും.

ബഷീർ സാഹിബിന്‍റെ പ്രസംഗം പൂർത്തിയാവുന്നതിന് മുമ്പ് ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖി മൈക്ക് ഓഫു ചെയ്തു. പ്രതിപക്ഷ അംഗങ്ങളോട് പുഛം കാട്ടാത്ത, മുഖത്തും സംസാരത്തിലും ശരീരഭാഷയിലും അവരോട് ആദരവ് പ്രകടിപ്പിച്ചിരുന്ന പിഎ സാംഗ്മയേയും സോമനാഥ് ചാറ്റർജിയേയും ഒക്കെ വെറുതെ ഒന്ന് ഓർത്തുപോയി.

മുമ്പത്തെ വീഴ്ചകളെ ദൗർഭാഗ്യകരമെന്ന് നമുക്ക് വിശേഷിപ്പിക്കാം. ആകസ്മികതയായും വിഷയങ്ങളുടെ ഗൗരവത്തെ പൂർണമായും ഉൾകൊള്ളുന്നതിൽ പറ്റിയ പാളിച്ചകളായും നമുക്ക് അവയെ മാറ്റി നിർത്താം. ഇന്നലകൾക്ക് പുതിയ അർഥങ്ങൾ നൽകി അമിത് ഷാ അനിശ്ചിതത്വം നിറഞ്ഞ നാളകൾ നിർമിക്കുമ്പോൾ, അർധരാത്രിയിലും നാം ഉറങ്ങാതിരിക്കട്ടെ.

SHARE