പൗരത്വ ബില്‍; മുഹമ്മദലി ജിന്നയുടെ വിജയമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിലൂടെ മുഹമ്മദലി ജിന്നയുടെ വാദങ്ങളെ ബിജെപി അംഗീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.

ലോക്‌സഭയില്‍ അമിത് ഷാ അവതരിപ്പിക്കാനിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ക്ക് മേലുള്ള ജിന്നയുടെ വിജയമായി അടയാളപ്പെടുത്തുന്നതാണെന്നും ഈ ബില്ലിലൂടെ ഹിന്ദു പാകിസ്ഥാന്‍ എന്നതിലേക്ക് രാജ്യം ഒരുപടികൂടി അടുക്കുമെന്നും തരൂര്‍ പറഞ്ഞു. വാര്‍ത്താഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കണമെന്ന് ജിന്നയുടെ ആഗ്രഹമായിരുന്നു. എന്നാല്‍, ഗാന്ധി അതിനെതിരായിരുന്നു. പൗരത്വ ഭേദഗതി ബില്ലിലൂടെ ജിന്നയുടെ വാദങ്ങളെ ബിജെപി അംഗീകരിക്കുകയാണ്. ബി.ജെ.പി ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. ലോക്‌സഭയും രാജ്യസഭയും പൗരത്വ ബില്‍ അംഗീകരിച്ചാലും ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക തത്വങ്ങളുടെ ലംഘനത്തെ സുപ്രീംകോടതി അംഗീകരിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിനെ ആര്‍ട്ടിക്കിള്‍ 14ലും 15ലും പറയുന്നപോലെ തുല്യക്കും മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കുമെതിരെയുള്ള അധിക്ഷേപമായി മാത്രമല്ല, ഇന്ത്യ എന്ന ആശയത്തിന് നേരെയുള്ള ആക്രമണമായാണ് കോണ്‍ഗ്രസ് ബില്ലിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ആശയത്തെ വഞ്ചിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും തരൂര്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലിം ഇതര മതസ്ഥര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് ഭേദഗതിയോടെ ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.

മതപരമായ വിവേചനവും പീഡനവും കാരണം പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്റ്റ്യന്‍ മത വിഭാഗക്കാരായ മുഴുവന്‍ പേരേയും അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍നിന്ന് നീക്കാനും ഇന്ത്യന്‍ പൗരത്വം അനുവദിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. 1946ലെ ഫോറിനേഴ്‌സ് ആക്ട് പ്രകാരവും 1920ലെ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരവും പൗരത്വ നിയമപ്രകാരവും അനുമതിയില്ലാതെ രാജ്യത്തെത്തിയ മുഴുവന്‍ വിദേശികളേയും അനധികൃത കുടിയേറ്റക്കാരായാണ് നിലവില്‍ കണക്കാക്കുന്നത്. ഇതിന്റെ പേരില്‍ നിയമ നടപടികളും ഇവര്‍ നേരിടുന്നുണ്ട്. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ നിയമമായാല്‍ ഇവരെ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍നിന്ന് നീക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. ഇതുസംബന്ധിച്ച് തുടര്‍ന്നുവരുന്ന നിയമ നടപടികളില്‍നിന്ന് ഇവര്‍ സ്വമേധയാ ഒഴിവാകും. മാത്രമല്ല ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയും. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമ നടപടികള്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ ഇവര്‍ക്ക് തടസ്സമാകില്ലെന്നും ബില്ലില്‍ പറയുന്നു. കുടിയേറി 11 വര്‍ഷത്തിനു ശേഷം മാത്രമേ നിലവില്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാനാവൂ. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ വഴി ഇളവ് ലഭിക്കുന്നവര്‍ക്ക് ആറു വര്‍ഷം ഇന്ത്യയില്‍ കഴിഞ്ഞാല്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് വ്യവസ്ഥ.
വിദേശ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓവര്‍സീസ് സിറ്റിസന്‍സ് ഓഫ് ഇന്ത്യ കാര്‍ഡ്(ഒ.സി.ഐ കാര്‍ഡ്) ഏര്‍പ്പെടുത്താനും നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒ.സി.ഐ കാര്‍ഡ് റദ്ദാക്കാനുമുള്ള ബില്ലിലെ വ്യവസ്ഥയാണ് മറ്റൊരു വിവാദ വിഷയം.

SHARE