പൗരത്വ ബില്‍: ലോകവീക്ഷണം അനിവാര്യം

കെ. മൊയ്തീന്‍കോയ

ദേശീയ പൗരത്വ പട്ടികയുടെ (എന്‍.ആര്‍.സി) പേരില്‍ ഭയംവിതക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിദേശനാടുകളിലെ കുടിയേറ്റക്കാരായ ഇന്ത്യന്‍ സമൂഹത്തെ വിസ്മരിക്കുന്നത് കൗതുകകരമാണ്. ഇന്ത്യയിലെ മുസ്‌ലിംകളെ ഭയപ്പെടുത്തി വരുതിയിലാക്കാമെന്നത് വ്യാമോഹം മാത്രം! അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് ബി.ജെ.പി പ്രസിഡന്റ് കൂടിയായ അമിതാ ഷാ ലക്ഷ്യം വെക്കുന്നത്. 2024ല്‍ പൗരത്വ പട്ടിക നടപ്പാക്കുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നിലുള്ള ഗൂഢ ലക്ഷ്യം തെരഞ്ഞെടുപ്പ് തന്നെ. എന്നാല്‍ അമിത് ഷാ എത്ര കരുതല്‍നടപടി സ്വീകരിച്ചാലും ആസാമിലെ അനുഭവം പാഠമാകേണ്ടതാണ്. കൊട്ടിഘോഷിച്ചു പുറത്തിറക്കിയ പട്ടികയില്‍ പത്തൊമ്പത് ലക്ഷത്തില്‍ കേവലം ആറ് ലക്ഷം മാത്രമാണ് മുസ്‌ലിംകള്‍.

ഗൂര്‍ഖകള്‍ ഉള്‍പ്പെട്ടെ 13 ലക്ഷം ഹിന്ദുക്കള്‍ ആസാമില്‍ ബി.ജെ.പിക്ക് അധികാരം ഉറപ്പിക്കാന്‍ സഹായിച്ച പതിനൊന്ന് ലക്ഷം ബംഗാളി ഹൈന്ദവര്‍ പട്ടികയില്‍ വന്നു. സ്വന്തം കൂടാരത്തില്‍ നിന്നും ബംഗാളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നു. കഴിഞ്ഞ ആഴ്ച ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞു. എതിര്‍പ്പുകള്‍ ശക്തമാകുന്നു. അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിയ മുസ്‌ലിംകള്‍ അല്ലാത്ത എല്ലാവരെയും സ്വീകരിക്കുമെന്നാണ് അമിത് ഷാ ഇപ്പോള്‍ വ്യക്തമാക്കുന്നത്. പച്ചയായ വര്‍ഗീയത. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന്റെ പുത്തന്‍ പതിപ്പ്. ഇസ്രയേല്‍ പിന്തുടരുന്ന വംശീയ വെറിയെ മാതൃകയാക്കുകയാണ് ഇന്ത്യയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍. എന്നാല്‍ അമിത് ഷായും നരേന്ദ്ര മോദിയും ‘ വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ സമൂഹത്തെ തിരിച്ചറിയണം. കണ്ടെത്തുകയും വേണം. തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്യരുത്.

ആസാം പട്ടിക പുറത്ത് വന്നപ്പോഴുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാറിനും ആര്‍.എസ്.എസിനും കഠിനാദ്ധ്വാനം വേണ്ടി വന്നു. സെപ്തംബര്‍ മാസം കൊല്‍ക്കത്തയില്‍ രണ്ട് ദിവസം സംഘ്പരിവാര്‍ യോഗം ചേര്‍ന്നു. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് സംബന്ധിച്ചു. പട്ടികയില്‍ വരാത്ത ഒരു ഹിന്ദുവിനും രാജ്യം വിടേണ്ടി വരില്ലെന്ന് വിഷം ചീറ്റി. കഴിഞ്ഞ വിജയദശമി ദിന ചടങ്ങില്‍ നാഗ്പൂരില്‍ സംഘ് ആസ്ഥാനത്ത് നടത്തിയ പ്രഖ്യാപനവും ഇതിന്റെ ചുവട് പിടിച്ചായിരുന്നുവല്ലോ. ഇന്ത്യ ഹിന്ദു രാഷട്രം ആണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു ഭാഗവതിന്റെ പ്രസ്താവന. ഇത്തരം നീക്കങ്ങള്‍ ലോക വേദികളില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്നു എന്ന വസ്തുത കേന്ദ്ര സര്‍ക്കാര്‍ എങ്കിലും തിരിച്ചറിയേണ്ടതാണ്. ജനീവയില്‍ നടന്ന യു.എന്‍. മനുഷ്യാവകാശ കൗണ്‍സില്‍ പൗരത്വ പട്ടിക വിവാദത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉല്‍ക്കണ്ഠപ്രകടിപ്പിക്കുകയുമുണ്ടായി. ഇന്ത്യയുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ബംഗ്ലാദേശിന് പൗരത്വ പ്രശ്‌നത്തില്‍ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന നേരിട്ട് ഇന്ത്യാ സന്ദര്‍ശനവേളയില്‍ നമ്മുടെ പ്രധാന മന്ത്രിയെ അറിയിക്കുകയും ചെയ്താണ്. ന്യൂയോര്‍ക്കില്‍ യു.എന്‍ സമ്മേളനത്തിന്ന് എത്തിയപ്പോഴും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടത്രെ. പൗരത്വമില്ലാത്തവരെ ബംഗ്ലാദേശിലേക്ക് മടക്കി അയക്കുന്നതിനോട് ഹസീന വിയോജിപ്പും വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള വലിയൊരു ജനവിഭാഗം ബംഗ്ലാദേശിലുണ്ടെന്നും ഹസീന ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ഇന്ത്യ കണക്കിലെടുക്കണമെന്നാണ് ഹസീനയുടെ ആവശ്യം.
പാക്കിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്ന ബില്‍ പാര്‍ലിമെന്റില്‍ വീണ്ടും എത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ രാജ്യസഭയില്‍ പാസാക്കാനാവാതെ അസാധുവായ നിയമം വീണ്ടും കൊണ്ടുവന്നു പാസാക്കാനാണ് ശ്രമം. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്ക് എതിരാണ് പുതിയ ബില്ല്. തികച്ചും മുസ്‌ലിംകളെ ഒറ്റപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. 1955ലെ പൗരത്വ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ തൊട്ടുമുമ്പുള്ള 12 വര്‍ഷങ്ങളില്‍ താമസിച്ചിരിക്കണം. പുതിയ നിയമപ്രകാരം മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് ഇനി ആറ് വര്‍ഷം മതിയാകും. ഇസ്രായേല്‍ മാതൃകയാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഏത് രാജ്യക്കാരന്‍ ആണെങ്കിലും ജൂതന്‍ ആണെങ്കില്‍ ഇസ്രായേല്‍ പൗരത്വം ഉറപ്പ്.

അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്യ സമിതി ഇന്ത്യന്‍ പൗരത്വനിയമം വിവേചനപരമെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. മൂന്ന് രാഷ്ട്രങ്ങളിലെ മുസ്‌ലിം ഇതര സമുദായങ്ങള്‍ പീഡനം അനുഭവിക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ന്യായീകരണം. എന്നാല്‍ പാക്കിസ്താനില്‍ കറാച്ചി കേന്ദ്രമായി താമസിച്ചു വരുന്ന മുഹാജിറുകള്‍ എന്നറിയപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള മുസ്‌ലിംകള്‍ പരിഗണിക്കപ്പെടേണ്ടവരല്ലേ? അവര്‍ക്ക് എതിരെ മാറി മാറി വരുന്ന പാക് ഭരണകൂടം ദ്രോഹ നടപടി സ്വീകരിച്ചു വരുന്നു. പീഡനം ഏറ്റവരെ പരിഗണിക്കുമ്പോള്‍ എം.ക്യൂ.എം പാര്‍ട്ടി പ്രതിനിധീകരിക്കുന്ന ഈ ഇന്ത്യന്‍ സമൂഹത്തെ എന്തിന് വിസ് മരിക്കണം .!

അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരാണെന്ന വസ്തുത നരേന്ദ്ര മോദിയും അമിത് ഷായും തിരിച്ചറിയുക. യു.എന്‍ സാമ്പത്തിക, സാമൂഹിക വകുപ്പ് 2019 ല്‍ പ്രസിദ്ധീകരിച്ച കണക്ക് ഞെട്ടിക്കുന്നതാണ്. 17.5 ദശലക്ഷം ഇന്ത്യക്കാര്‍ വിദേശത്തുണ്ട്.! ഏറ്റവും വലിയ കടിയേറ്റ സമൂഹം പ്രവാസി ഇന്ത്യന്‍സും (എന്‍.ആര്‍.ഐ.) പേഴ്‌സണല്‍ ഓഫ് ഇന്ത്യന്‍ ഒറിജിനും(പി. ഐ .ഒ) ഇവയില്‍ പെടും.2018 ഡിസം വരെ ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന്റെ കണക്കില്‍ 30, 999,729 ആണ് പുറത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍. ആഗോള കുടിയേറ്റ സമൂഹത്തിന്റെ കണക്കില്‍ ഇന്ത്യന്‍ സമൂഹം മാത്രം 6.4 ശതമാനം. ലോകമെമ്പാടും 272 ദശലക്ഷമാണ് കുടിയേറ്റക്കാര്‍. അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ 4,422,362 ആണ്. യു.എ.ഇ.യില്‍ 3,104 586. മലേഷ്യയില്‍ 2,987950, കാനഡയില്‍ 1,8001 85, മൗറീഷ്യസില്‍ 8,94,500 ട്രിനിവാസില്‍ 5,56,800, ഫിജി 35.918, ഗയാന 299,793 ഇന്തോനേഷ്യ 1,07500, ദക്ഷിണാഫ്രിക്ക 1,560,000, സിംഗപ്പൂര്‍ 6,50000.

ഇവയില്‍ ചില രാജ്യങ്ങളില്‍ ഇന്ത്യന്‍ സമൂഹം രാജ്യഭരണം വരെ നിര്‍വഹിക്കുന്നു. സിംഗപ്പൂരില്‍ മലയാളിയായ ദേവന്‍ നായര്‍ പ്രസിഡന്റായിരുന്നു. മൗറിഷ്യ, ഫിജി, ട്രിനിഡാഡ്: സുരിനാം തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ അധികാരത്തിലെത്തിയിട്ടുണ്ട്. അമേരിക്കയില്‍ പോലും ഭരണ രംഗത്ത് ഇന്ത്യക്കാരുണ്ട്. മലേഷ്യ, ദക്ഷിണാഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ ഇപ്പോഴും മന്ത്രിമാരായുണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഹൗഡിമോദി പരിപാടി സംഘടിപ്പിച്ച് ഡോണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ നരേന്ദ്ര മോദി സൂചന നല്‍കിയത് വോട്ടര്‍മാരിലെ ഇന്ത്യന്‍ സ്വാധീനം തന്നെ. ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരെ സ്വാധീനിക്കാന്‍ ലേബര്‍ പാര്‍ട്ടി പ്രകടനപത്രികയില്‍ ജാലിയന്‍ വാലാബാഗ് പ്രശ്‌നം ഉയര്‍ത്തി കൊണ്ട് വന്നത് ശ്രദ്ധേയം! 1.4 മില്യന്‍ വരുന്ന ഇന്ത്യന്‍ സമൂഹത്തെ ആകര്‍ഷിക്കാനാണിത്. കോളനി വാഴ്ചക്കാലത്ത്, ബ്രിട്ടീഷ് സൈന്യം നടത്തിയ ഈ കൂട്ട ക്കൊല ഇന്ത്യക്കാര്‍ക്ക് വേദനിക്കുന്ന സ്മരണയാണ്. സംഭവത്തില്‍ ബ്രിട്ടന്‍ മാപ്പ് ചോദിക്കുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം!

ഇന്ത്യയില്‍ മതപരമായ വിവേചനം നടക്കുന്നു എന്നാണ് അമേരിക്കയുടെ വിമര്‍ശനം. ബി.ജെ.പി.അധികാരത്തില്‍ വന്നശേഷം നടക്കുന്ന അതിക്രമങ്ങളും കൂട്ടക്കൊലകളും വിമര്‍ശനത്തെ സാധൂകരിക്കുന്നു. പൗരത്വ ബില്‍ ലോകമെമ്പാടും പുതിയൊരു വിവാദത്തിന് വഴിയൊരുക്കും. ഭരണാധികാരികളെ നയിക്കേണ്ടത് വികാരമല്ല, വിവേകവും വിശാലമനസ്‌കതയുമാണ്. ഇടുങ്ങിയ വൃത്തത്തില്‍ നിന്ന് ഭരണാധികാരികളുടെ തലത്തിലേക്ക് അവര്‍ ഉയര്‍ന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പൗരത്വ ബില്‍ ബി.ജെ.പി. ഭരണത്തെ വന്‍ പതനത്തിലേക്കാണ് നയിക്കും.

SHARE