ഭയത്തിന്റെ ഇന്ത്യയില്‍ കരുത്തോടെ പ്രതിപക്ഷം

സുഫ്‌യാന്‍ അബ്ദുസ്സലാം

പ്രതിപക്ഷനിരയുടെ ശക്തമായ ചെറുത്തുനില്പിന് മുമ്പില്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ പുലിക്കുട്ടി വേഷം പൂച്ചക്കുട്ടിയായി മാറുന്ന കാഴ്ചക്കാണ് ഇന്നലെ ലോകസഭ സാക്ഷിയായത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന മുസ്‌ലിംകളല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചുകൊണ്ടുള്ള പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ ശക്തമായ വാദമുഖങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കാതെ അമിത്ഷാ വിയര്‍ത്തുകുളിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബില്ലിനെതിരെ അസമിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ബില്‍ ലോകസഭയില്‍ ചുട്ടെടുക്കാന്‍ അമിത്ഷാ മുതിര്‍ന്നത്.

മൃഗീയ ഭൂരിപക്ഷത്തിന്റെ ഉരുക്കുമുഷ്ടിയില്‍ എതിര്‍പ്പുകളില്ലാതെ അനായാസേന ബില്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതിയ അമിത്ഷാ അപ്രതീക്ഷിതവും സഭയെ പ്രകമ്പനം കൊള്ളിക്കുന്നതുമായ പ്രതിഷേധത്തെ നേരിടേണ്ടി വന്നു. ഇന്നലത്തെ ബിസിനസ് പട്ടികയില്‍ ഉള്‍പ്പെടുത്തി ബില്‍ അവതരിപ്പിക്കാന്‍ അമിത്ഷാ എഴുന്നേറ്റു നിന്നപ്പോള്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയതോടെയാണ് സഭ ഇളകി മറിഞ്ഞത്. അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ട് അദ്ദേഹം ബില്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന് തീര്‍ത്തും കടകവിരുദ്ധമാണെന്നും പ്രസ്താവിച്ചു. എല്ലാവര്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്ന ഭരണഘടന നിലവിലുള്ളപ്പോള്‍ തുല്യതയെ ലംഘിക്കുന്ന ഒരു ബില്ല് പാര്‍ലമെന്റ് പാസാക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആശയപരമായും രാഷ്ട്രീയമായും ബില്ലിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രസ്താവിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ അദ്ദേഹത്തിന്റെ പിന്നില്‍ ഒറ്റക്കെട്ടായി നിന്നു. മതം പൗരത്വം ലഭിക്കാനുള്ള ഉപാധിയായി നിശ്ചയിക്കുന്നത് അനുവദിക്കാന്‍ കഴിയുകയില്ലെന്ന് ആര്‍. എസ്. പി. നേതാവ് എന്‍. കെ പ്രേമചന്ദ്രന്‍ പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ബില്ലിനെതിരെ രംഗത്തുവരികയുണ്ടായി.

ബില്ലിന്റെ മേന്മകളും നേട്ടങ്ങളും വിവരിച്ചുകൊണ്ട് അമിത്ഷാ പ്രസംഗിക്കവെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഗത റോയ് ഇടപെടുകയുണ്ടായി. ലോക്‌സഭയില്‍ പുതുതായി കടന്നുവന്ന ആഭ്യന്തര മന്ത്രിക്ക് ലോക്‌സഭാ നടപടിക്രമങ്ങളെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും ഈ ബില്‍ അവതരിപ്പിക്കുന്നത് തന്നെ സഭയുടെ 72 (1) റൂളിന് എതിരാണെന്നും പറഞ്ഞത് പ്രതിപക്ഷാംഗങ്ങള്‍ ഡെസ്‌കിലടിച്ച് ഏറ്റെടുത്തു. ബില്‍ ഭരണഘടന വിരുദ്ധം മാത്രമല്ല, അത് രാജ്യത്തെ വിഭജിക്കുന്നതുകൂടിയാണെന്നു റായ് പറഞ്ഞു. ഒരു രാജ്യം ഒരു നിയമം എന്ന് എപ്പോഴും പറയാറുള്ള അമിത്ഷാ ഒരു രാജ്യത്തെ വിവിധ മതക്കാര്‍ക്ക് വിവിധ നിയമം എന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നതെന്ന് പരിഹസിക്കുകയുണ്ടായി.

കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അതിശക്തമായ വാദമുഖങ്ങളോടെയാണ് അമിത്ഷായെ നേരിട്ടത്. തികച്ചും വര്‍ഗീയമായ ഈ ബില്‍ ഭരണഘടനയുടെ 14, 15, 21, 25, 26 എന്നീ അനുച്ഛേദങ്ങളെ ബലികഴിക്കുന്നതാണെന്നും കേശവാനന്ദര ഭാരതി കേസോടെ അരക്കിട്ടുറപ്പിക്കപ്പെട്ട ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് കടകവിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ആര്‍ട്ടിക്കിള്‍ 15 അനുസരിച്ച് രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ വിവേചനം കല്‍പ്പിക്കാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് പൗരത്വം നല്‍കുന്നതില്‍ ഒരു മതവിഭാഗത്തെ ഒഴിവാക്കിക്കൊണ്ട് വിവേചനം കല്‍പ്പിക്കാന്‍ കഴിയുകയെന്ന് ഭരണപക്ഷം മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് അഭയം തേടി വരുന്ന അഭയാര്‍ത്ഥികള്‍ക്ക് മതപരിഗണനകളില്ലാതെ അഭയം നല്‍കണമെന്നതാണ് അന്താരാഷ്ട്ര നിയമങ്ങള്‍ അനുശാസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഡി എം കെ നേതാവ് ദയാനിധി മാരന്‍ ബില്ലിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നു. ഹൃദയശൂന്യമായ ബില്‍ നേരത്തെ കുടിയിരുത്തപ്പെട്ട മുസ്‌ലിം വിരോധത്താല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് ആവര്‍ത്തിക്കുന്ന അമിത്ഷാ പാക് അധീന കാശ്മീരില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന മുസ്‌ലിംകളെ എങ്ങനെ നോക്കിക്കാണുന്നുവെന്നു മാരന്‍ ചോദിച്ചു. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുക മാത്രമല്ല, രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കുവാനുള്ള ശ്രമം കൂടിയാണ് ബില്ലിലൂടെ ഭരണപക്ഷം ലക്ഷ്യമിടുന്നതെന്നും അദ്ദേവും പറഞ്ഞു.

സ്വാമി വിവേകാനന്ദന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ഇന്ന് നാം ലോകസഭയില്‍ നടത്തുന്ന ചര്‍ച്ച കേട്ട് ഞെട്ടിപ്പോവുമായിരുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം പി അഭിഷേക് ബാനര്‍ജി പറഞ്ഞത്. സര്‍ദാര്‍ പട്ടേല്‍ പഠിപ്പിച്ച ഏകതാ സിദ്ധാന്തത്തിനും ഈ ബില്‍ എതിരാണെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മജിയുടെയും പട്ടേലിന്റെയും വിവേകാനന്ദന്റെയും ആശയങ്ങളെ നാം ബലി കഴിക്കുകയാണെങ്കില്‍ രാജ്യം വിനാശകരമായ അവസ്ഥയിലേക്ക് കൂപ്പു കുത്തും. ഞങ്ങള്‍ മനസ്സിലാക്കിയ ഇന്ത്യ എല്ലാവരെയും ഉള്‍കൊള്ളുന്ന ഇന്ത്യയാണ്. നിങ്ങള്‍ പഠിപ്പിക്കുന്ന ഇന്ത്യ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. എന്തുകൊണ്ട് നിങ്ങള്‍ മൂന്ന് രാജ്യങ്ങളെ മാത്രം പരിഗണിക്കുന്നു. ശ്രീലങ്ക, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളും നമ്മുടെ അയല്‍ രാജ്യങ്ങളാണ്. എന്തുകൊണ്ട് അവയെ നിങ്ങള്‍ നിരാകരിക്കുന്നു. ബാനര്‍ജി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അമിത്ഷാക്ക് ഉത്തരങ്ങള്‍ ഉണ്ടായിരുന്നില്ല.

എന്‍ സി പി നേതാവ് സുപ്രിയ സുലെയും ബില്ലിനെ അതിശക്തമായി വിമര്‍ശിച്ചു. ഒരു ശരാശരി മുസ്‌ലിം ഇന്ന് രാജ്യത്ത് ഭയപ്പാടോടെ ജീവിക്കേണ്ട അവസ്ഥയാണുള്ളത്. നിരീശ്വര വിഭാഗങ്ങളെ കുറിച്ച് ബില്‍ ഒന്നും പറയുന്നില്ല. ജോയിന്‍ പാര്‍ലമെന്ററി കമ്മറ്റി നേരത്തെ ഈ ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് അമിത്ഷാ പറയുന്നത് ഒട്ടും ശരിയല്ലെന്നും സുലെ പറഞ്ഞു. നേപ്പാളിനെ കുറിച്ച് എന്തുകൊണ്ട് ബില്‍ മിണ്ടുന്നില്ലെന്നും അവര്‍ ചോദിച്ചു.

രാജ്യത്തെ മുസ്‌ലിം സമുദായത്തെ രാജ്യമില്ലാത്ത അവസ്ഥയിലേക്ക് നയിക്കാനാണ് ബില്ലുകള്‍ കൊണ്ട് ഭരണപക്ഷം ഉദ്ദേശിക്കുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ഹിറ്റ്‌ലറുടെ നിയമങ്ങളെക്കാള്‍ മോശമായ നിയമമാണ് സര്‍ക്കാര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി ആര്‍ എസ് നേതാവ് നാമ നാഗേശ്വര റാവുവും സമാജ് വാദി പാര്‍ട്ടി നേതാവ് എസ് ടി ഹസനും ബില്ലിനെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചു. അസമില്‍ നിന്നുള്ള എം പി ബദ്‌റുദ്ദീന്‍ അജ്മല്‍ ബില്ലിനെ ഹിന്ദു മുസ്‌ലിം ഐക്യം തകര്‍ക്കുന്നതാണെന്നാണ് വിശേഷിപ്പിച്ചത്.
പലപ്പോഴും ചട്ടം ലംഘിച്ചുകൊണ്ടുള്ള പെരുമാറ്റമാണ് അമിത്ഷാ സഭയില്‍ കാണിച്ചത്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടയില്‍ ചട്ടം പാലിക്കാതെ ബഹളം വെച്ച അമിത്ഷായെ നിലക്ക് നിര്‍ത്തിയത് കല്യാണ്‍ ബാനര്‍ജിയും മവ മൊയ്ത്രയും ഡാനിഷ് അലിയുമൊക്കെ ചേര്‍ന്നായിരുന്നു. അവരുയര്‍ത്തിയ പ്രതിരോധത്തില്‍ അമിത്ഷായുടെ നാവടങ്ങിപ്പോയി.

പാക്കിസ്ഥാനില്‍ മുസ്ലിംകള്‍ക്കെതിരെ പീഡനം നടക്കാത്തത് കൊണ്ടാണ് അവര്‍ക്ക് അഭയം നല്‍കാത്തത് എന്ന് പറഞ്ഞ അമിത്ഷായോട് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കാര്യങ്ങള്‍ വിദേശ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറിനോട് ചോദിച്ചു പഠിക്കാന്‍ ഉപദേശിച്ചു. പാകിസ്താനിലെ ഷിയാക്കളും അഹമ്മദിയാക്കളും പീഡനം അനുഭവിക്കുന്നുവെന്നു അന്താരാഷ്ട്ര വേദികളില്‍ പ്രസംഗിക്കുന്ന വിദേശ കാര്യ മന്ത്രി ജയശങ്കര്‍ കാര്യങ്ങള്‍ വെറുതെ പറയുന്നതാണോ എന്ന് വ്യക്തമാക്കണമെന്നും ചൗധരി ചോദിച്ചപ്പോള്‍ അമിത്ഷായോടൊപ്പം ജയശങ്കറും പരുങ്ങുകയുണ്ടായി. .

മൃഗീയ ഭൂരിപക്ഷത്തില്‍ പൗരത്വ ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാനും പാസാക്കാനും ബി ജെ പിക്ക് സാധിച്ചുവെങ്കിലും ലോകസഭയില്‍ ഇന്നലെ പ്രതിപക്ഷത്തിന്റെ ദിനമായിരുന്നു. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനും ജനാധിപത്യ മതേതര മുഖം നിലനിര്‍ത്താനും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുവാനും ഒരു ശക്തമായ പ്രതിപക്ഷമുണ്ടെന്നു ബോധ്യപ്പെടുത്തിയ ദിനം. അതോടൊപ്പം എല്ലാവരെയും വിറപ്പിക്കാന്‍ അങ്കത്തിനായി ഇറങ്ങിയ ആഭ്യന്തര മന്ത്രി അമിത്ഷായെ പ്രതിപക്ഷം നിലക്ക് നിര്‍ത്തിയ ദിനം കൂടിയായിരുന്നു അത്.

SHARE