പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നു; മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് ഇ.ടി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു. പൗരത്വഭേദഗതി ബില്‍ വിഷയത്തില്‍ പ്രതിപക്ഷ കക്ഷിനേതാക്കള്‍ ഇന്ന് വൈകീട്ട് നാലു മണിക്ക് രാഷ്ട്രപതിയെ കാണും.
ജാമിഅ മില്ലിയ കേന്ദ്ര സര്‍രവ്വകലാശാലയിലും അലിഗഡ് മുസ് ലീം സര്‍വ്വകലാശാലയയിലേയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന പൊലീസ് അക്രമം അവസാനിപ്പിക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകീട്ട് നാലരയ്ക്കാണ് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ പ്രതിപക്ഷം രാഷ്ട്രപതിയെ ബോധ്യപ്പെടുത്തും. മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സംഘത്തില്‍ പങ്കെടുക്കും.

പ്രതിഷേധം തടയാന്‍ കേന്ദ്ര സര്‍ക്കാരിനാവുന്നില്ല. അതിനാല്‍ രാഷ്ട്രപതി ഇടപെടണം. നിയമം റദ്ദാക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കാനും ആവശ്യപ്പെടും. സംയുക്തമായി രാജ്യവ്യാപക പ്രക്ഷോഭത്തിനും പ്രതിപക്ഷം ഒരുങ്ങുന്നുണ്ട്.

ഇന്നലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ഇന്ത്യാഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ജാമിയ സര്‍വകലാശാല സന്ദര്‍ശിച്ച പ്രതിപക്ഷ കക്ഷികള്‍ പൊലീസ് നടപടിയെ അപലപിച്ചു. അക്രമ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും. ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ പ്രക്ഷോഭം തുടങ്ങാനും കക്ഷികളുടെ അടിയന്തരയോഗം തീരുമാനിച്ചു.

അതേസമയം, ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യല്‍ അന്വേഷണം അടക്കം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ഹ്യൂമന്‍ റൈറ്‌സ് ലോ നെറ്റ്‌വര്‍ക്ക്, പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കലാപം നിര്‍ത്തിയാല്‍ ഇന്ന് വാദം കേള്‍ക്കാമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.