സിനിമ സെറ്റ് പൊളിച്ച കേസ്; രാഷ്ട്രീയ ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡണ്ട് അറസ്റ്റില്‍

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന സിനിമ മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡണ്ട് രതീഷ് കാലടി (കാരി രതീഷ്) അറസ്റ്റില്‍. അങ്കമാലിയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടി കൂടിയത്. സംഭവത്തില്‍ നേരിട്ട് ഇടപെട്ട മറ്റു നാലു പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് കാലടിയില്‍ സനല്‍ എന്നയാളെ കൊന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ ഭാരവാഹിയാകുന്നത്.

സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധം ഉയര്‍ന്ന സംഭവത്തില്‍ പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കാലടി ശിവരാത്രി ആഘോഷ സമിതിയുടെയും സിനിമാ സംഘടനകളുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ ആണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആലുവ റൂറല്‍ എഎസ്പി എം ജെ സോജനും പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ബിജുമോനും അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. സൈബര്‍ സെല്ലിന്റെ സഹായവും ഉപയോഗിക്കും. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. ശിക്ഷാ നിയമത്തിലെ 379, 454, 427 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍ ഷൂട്ടിംഗിനായി നിര്‍മിച്ച സെറ്റായിരുന്നു രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് ഇവര്‍ കഴിഞ്ഞ ദിവസം സെറ്റ് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാണ് ഇവരുടെ ആരോപണം.