സിനിമാ കാസ്റ്റിങ് ചൂഷണം; സെക്‌സ് വിഡിയോ പകര്‍ത്തി വിദേശത്തേക്ക് കടത്തുന്ന സംഘം കേരളത്തിലും സജീവം

കൊച്ചി: സിനിമ, ആല്‍ബം കാസ്റ്റിങ്ങിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി വിദേശത്തേക്ക് കടത്തുന്ന സംഘം കേരളത്തിലും സജീവമെന്ന് റിപ്പോര്‍ട്ട്. സിനിമയിലും ആല്‍ബത്തിലും അഭിനയിക്കുന്നതിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ രഹസ്യമായി ഷൂട്ടിങ് നടത്തി പെണ്‍കുട്ടികളെ വഞ്ചിക്കുന്നുണ്ട്. അര്‍ദ്ധനഗ്‌നരായി അഭിനിയിച്ചു കാണിക്കാന്‍ പറയുന്ന ഇത്തരം കുറ്റവാളികള്‍ പിന്നീട് ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബിലൂടെയും മറ്റു സ്വകാര്യ ഗ്രൂപ്പുകളിലൂടെയും വന്‍ തുകയ്ക്ക് വല്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരം കുറ്റകൃത്യം നടത്തിയ നിരവധി പേര്‍ നേരത്തേയും പിടിയിലായിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത് തുടരുന്നുവെന്നാണ് അറിയുന്നത്.

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പിഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റജിസ്റ്റര്‍ ചെയ്തത്. 47 പേരാണ് അറസ്റ്റിലായത്. ഇതിന്റെ ഭാഗമായി മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ മൊബൈല്‍ ഫോണുകള്‍, മോഡമുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവ ഉള്‍പ്പെടുന്ന 143 ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ് 15. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരില്‍ മികച്ച പ്രൊഫഷണല്‍ ജോലി ചെയ്യുന്ന യുവാക്കളും ഐടി വിദഗ്ധരും ഉള്‍പ്പെടുന്നു. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

SHARE