റെക്കോര്‍ഡ് നേട്ടവുമായി ക്രിസ്റ്റിയാനോ; യുവന്റസ് കിരീടത്തിലേക്ക്

യുവന്റസ്: പ്രീമിയര്‍ ലീഗ്, ലാ ലിഗ, സെരി എ എന്നിവയില്‍ 50 ഗോളുകള്‍ നേടിയ ഏക കളിക്കാരനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യുവന്റസില്‍ ചേര്‍ന്നതിനുശേഷം വളരെ പെട്ടെന്നാണ് അദ്ദേഹം അമ്പത് ഗോളുകള്‍ നേടിയത്. ഇന്നലെ ലാസിയോക്കെതിരെ നടന്ന മത്സരത്തില്‍ പെനാല്‍റ്റി നേടിയതോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1995 ന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗമേറിയ കളിക്കാരനായി അദ്ദേഹം മാറി.

ലാസിയോക്കെതിരെ ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 51-ാം മിനുട്ടിലാണ് പെനാല്‍ട്ടി സ്പോട്ടില്‍ നിന്ന് ക്രിസ്റ്റിയാനോ ആതിഥേയരെ മുന്നിലെത്തിച്ചത്.

രണ്ട് മിനുട്ടുകള്‍ക്കു ശേഷം പൗളോ ഡിബാലയുമായി ചേര്‍ന്നുള്ള പ്രത്യാക്രമണത്തിനൊടുവില്‍ ആളൊഴിഞ്ഞ പോസ്റ്റില്‍ പന്തെത്തിച്ച് പോര്‍ച്ചുഗീസ് താരം രണ്ടാം ഗോളും നേടി. 66-ാം മിനുട്ടില്‍ ഹാട്രിക് തികയ്ക്കാന്‍ സുവര്‍ണാവസരം കൈവന്നെങ്കിലും ഡിബാലയുടെ ക്രോസില്‍ നിന്നുള്ള ക്രിസ്റ്റിയാനോയുടെ ഹെഡ്ഡറിന് ക്രോസ്ബാര്‍ വിലങ്ങുതടിയായി.

82-ാം മിനുട്ടില്‍ വീണുകിട്ടിയ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് സിറോ ഇമ്മൊബില്‍ ലാസിയോക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍, എതിരാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാതെ യുവെ മത്സരാന്ത്യം വരെ പിടിച്ചുനിന്നു.

30 ഗോളുമായി സീരി എ ടോപ് സ്‌കോറര്‍ പട്ടം ഇമ്മൊബിലിനൊപ്പം പങ്കിടുന്ന ക്രിസ്റ്റ്യാനോ 61 മത്സരങ്ങളില്‍ നിന്നാണ് 50 ഗോള്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്. 68 മത്സരങ്ങളില്‍ നിന്ന് ഈ ലക്ഷ്യത്തിലെത്തിയ ആ്രേന്ദ ഷെവ്ചെങ്കോയുടെ റെക്കോര്‍ഡാണ് മറികടന്നത്.

SHARE