ജോര്‍ജ് ഫ്‌ളോയ്ഡ്: പൊലീസ് അറസ്റ്റു ചെയ്ത പ്രതിഷേധക്കാരെ പുറത്തിറക്കാന്‍ യു.എസ് നടി സംഭാവന ചെയ്തത് ഒന്നരക്കോടി രൂപ

ന്യൂയോര്‍ക്ക്: പൊലീസുകാരന്‍ കഴുത്തു ഞെരിച്ചു കൊന്ന ജോര്‍ജ് ഫ്‌ളോയ്ഡിന് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് നടി ക്രിസി ടീഗന്‍. പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിഷേധക്കാരെ പുറത്തിറക്കാന്‍ രണ്ടു ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം ഒന്നരക്കോടി ഇന്ത്യന്‍ രൂപ) നടി സംഭാവന ചെയ്തത്.

ലേഡി ഗാഗ, ടെയ്‌ലര്‍ സ്വിഫ്റ്റ്, ബെയന്‍സെ തുടങ്ങിയ സെലിബ്രിറ്റികള്‍ക്ക് പിന്നാലെയാണ് ടീഗനും പ്രതിഷേധങ്ങള്‍ക്കു പിന്തുണയുമായി എത്തിയത്. പ്രതിഷേധക്കാരെ ജാമ്യത്തില്‍ ഇറക്കാന്‍ വേണ്ടി നടി ആദ്യം ഒരു ലക്ഷം ഡോളറാണ് പ്രഖ്യാപിച്ചത്. കൂടുതല്‍ പണം ആവശ്യമുണ്ടെന്ന തിരിച്ചറിവില്‍ 15 മിനിറ്റിന് ശേഷം തുക രണ്ട് ലക്ഷം ഡോളര്‍ ആക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു.

ട്രംപിനെ രൂക്ഷമായ ഭാഷയില്‍ നടി വിമര്‍ശിക്കുകയും ചെയ്തു. ഫക്ക് ഡൊണാള്‍ഡ് ട്രംപ് എന്നാണ് ഒരു ട്വീറ്റില്‍ നടി എഴുതിയത്. പ്രതിഷേധക്കാരോട് സുരക്ഷിതരായിരിക്കാനും മാസ്‌ക് ധരിക്കാനും അവര്‍ ഓര്‍മിപ്പിച്ചു.

അതിനിടെ, ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിന് പിന്നലെ, അമേരിക്കന്‍ തെരുവുകളില്‍ ഉയര്‍ന്ന രോഷം ജ്വലിച്ച് നില്‍ക്കുകയാണ്. മിനിയാപോളിസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം മുപ്പതിലേറെ നഗരങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിലെ പ്രതിഷേധത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

പ്രതിഷേധത്തെ തുടര്‍ന്ന് ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസ് ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് താല്‍ക്കാലികമായി അടച്ചിരുന്നു. മേഖലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വാഷിങ്ടണ്‍ ഡി.സി അടക്കം 15 സംസ്ഥാനങ്ങളില്‍ അയ്യായിരം നാഷണല്‍ ഗാര്‍ഡ് സേനയെ വിന്യസിച്ചിട്ടുണ്ട്. രണ്ടായിരം പേരെ സജ്ജമാക്കി നിര്‍ത്തിയിട്ടുമുണ്ട്.

SHARE