‘മോദി ബുദ്ധി മുട്ടേണ്ട, ജയിച്ചാല്‍ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് തീരുമാനിക്കും’; തുറന്നടിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിജയിച്ചാല്‍ പിന്നെ പ്രധാനമന്ത്രി ആരാണകണമെന്ന് തീരുമാനിക്കുന്നത് മോദിയല്ല, കോണ്‍ഗ്രസാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. ജയിച്ചാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ തയാറാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പരിഹസിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോണ്‍ഗ്രസ് ജയിച്ചാല്‍ പ്രധാനമന്ത്രിയാരാവണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും. മോദിയല്ല അത് തീരുമാനിക്കേണ്ടത്. രാജ്‌നാഥ് സിങ് പാര്‍ട്ടി അധ്യക്ഷനായിരുന്ന സമയത്ത് ‘നിങ്ങള്‍ക്കായി ബി.ജെ.പി സര്‍ക്കാര്‍’ എന്ന പരസ്യ വാചകം പ്രചരിപ്പിച്ചിട്ട് പിന്നീട് ‘നിങ്ങള്‍ക്കായി മോദി സര്‍ക്കാര്‍’ എന്ന് തിരുത്തേണ്ടി വന്ന ചരിത്രമാണ് ബി.ജെ.പിക്കുള്ളതെന്നും ചിദംബരം പരിഹസിച്ചു.

കോണ്‍ഗ്രസിന് ആ ഗതി വരില്ല. രാഹുലടക്കമുള്ള കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുന്നത് രാഹുലിന്റെ സര്‍ക്കാരിനു വേണ്ടിയല്ല, മറിച്ച് കോണ്‍ഗ്രസിന്റെ സര്‍ക്കാരിനു വേണ്ടിയാണെന്നും ചിദംബരം വ്യക്തമാക്കി. അടുത്തതവണ കോണ്‍ഗ്രസ് വിജയിച്ചതിനു ശേഷം പാര്‍ട്ടി നേതൃത്വം പ്രധാനമന്ത്രിയെക്കുറിച്ച് തീരുമാനിച്ചോളാമെന്നും ബി.ജെ.പി നേതാക്കള്‍ അതിനായി ബുദ്ധിമുട്ടേണ്ടെന്നും ചിദംബരം തുറന്നടിച്ചു.

എല്‍.കെ.അദ്വാനിയേയും, നിതിന്‍ ഗഡ്കരിയേയും, യശ്വന്ത് സിന്‍ഹയേയും പോലുള്ള മുതിര്‍ന്ന ബിജെപി നേതാക്കളെ അവരുടെ പാര്‍ട്ടി വിലകുറച്ചു കാണുന്നതുപോലുള്ള ദുര്യോഗം കോണ്‍ഗ്രസിന്റെ ഭാഗത്ത് ഉണ്ടാകില്ലെന്നും മുന്‍ ധനമന്ത്രി കൂടിയായ ചിദംബരം കൂട്ടിച്ചേര്‍ത്തു.