കൊച്ചി: മൂന്നാറിലെ ചിന്നക്കനാലിനെ രക്ഷിച്ചത് അന്നത്തെ ദുല്‍ഖര്‍ സല്‍മാന്റെ ആ ചോദ്യമായിരുന്നു. ‘മീശപ്പുലി മലയില്‍ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ’എന്ന ചാര്‍ളി സിനിമയിലെ ആ ചോദ്യമാണ് ചിന്നക്കലാലിന്റെ നല്ല കാലത്തിന് തുടക്കം കുറിച്ച്. ഈ ചോദ്യം ചെറുപ്പക്കാരെയാകെ മീശപ്പുലി മലയിലേക്ക് എത്തിച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോളം സ്ഥിതി ചെയ്യുന്ന മൂന്നാറിലെ തേയിലത്തോട്ടങ്ങളാണ് കൊളുക്കുമലയും മീശപ്പുലിമലയും തിപ്പാടമലയും.
സഞ്ചാരികളുടെ ഒഴുക്കുള്ള ആ കാലത്തായിിരുന്നു ചിന്നക്കനാലിലെ ഓരോ വ്യാപാര സ്ഥാപനങ്ങളും നിവര്‍ന്നുനിന്നത്. ഉറങ്ങിക്കിടന്നിരുന്ന അവയ്ക്ക് ജീവന്‍വെച്ചു തുടങ്ങി. ജീപ്പുകള്‍ വാങ്ങി യുവാക്കള്‍ ഓഫ്റോഡ് സാഹസികതയിലേക്ക് എത്തിത്തുടങ്ങുകയായിരുന്നു. അങ്ങനെയാണ് ഇടുക്കിയില്‍ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍ ചിന്നക്കനാലില്‍ തുറക്കുന്നത്. എന്നാല്‍ കോവിഡിന്റെ വരവോടെ എല്ലാം പഴയപോലെയായി.ജീപ്പുകള്‍ പണിമുടക്കി. സഞ്ചാരികള്‍ എത്താതായതോടെ പലരും കൂലിപ്പണികളിലേക്ക് വഴിതിരിഞ്ഞു. എന്നാല്‍ എല്ലാ മോശപ്പെട്ട കാലങ്ങള്‍ക്കും ഒരു നല്ല കാലം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതുപോലെ കോവിഡിന്റെ കാലം കഴിയുമെന്ന് തന്നെയാണ് അവിടത്തുകാര്‍ കരുതുന്നത്.