പാക് അധീന കശ്മീരില്‍ ചൈനീസ് ടാങ്കര്‍ വിമാനങ്ങള്‍; ജാഗ്രത പുലര്‍ത്തി ഇന്ത്യ

ന്യൂഡല്‍ഹി: പാക് അധീന കശ്മീല്‍ ചൈനീസ് വ്യോമസേനയുടെ ടാങ്കര്‍ വിമാനങ്ങള്‍ ഇറങ്ങിയതോടെ ജാഗ്രത പുലര്‍ത്തി ഇന്ത്യ. ഇന്ത്യയുമായി ഒരു സംഘര്‍ഷമുണ്ടായാല്‍ പാക് അധീന കശ്മീരിലെ സ്‌കര്‍ദു വ്യോമതാവളം പാകിസ്താന്‍ ചൈനയ്ക്ക് കൈമാറാന്‍ ഇടയുണ്ടോ എന്നാണ് ഇന്ത്യ പരിശോധിക്കുന്നത്.

അടുത്തിടെ സ്‌കര്‍ദു വ്യോമതാവളത്തില്‍ ചൈനീസ് ടാങ്കര്‍ വിമാനമായ ഐ.എല്‍.78 ലാന്‍ഡ് ചെയ്തിരുന്നു. ലേയില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയാണ് സ്‌കര്‍ദു വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. വിദേശരാജ്യങ്ങള്‍ക്ക് സ്വന്തം വ്യോമതാവളം ഉപയോഗിക്കാന്‍ പാകിസ്താന്‍ മുമ്പും അനുവാദം നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്താനിലെ താലിബാനെതിരായ പോരാട്ടത്തിന് പാക് സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക ഉപയോഗപ്പെടുത്തിയിരുന്നു. പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം പരിഗണിച്ച് സ്‌കര്‍ദു ചൈനയ്ക്ക് കൈമാറുമോയെന്നാണ് ഇന്ത്യയുടെ ആശങ്ക.

സിന്‍ജിയാങ് പ്രവിശ്യയിലെ ഇന്ത്യയ്ക്ക് സമീപമുള്ള പ്രദേശത്തേക്ക് ചൈന എസ്.യു27 യുദ്ധവിമാനങ്ങളും എത്തിച്ചിട്ടുണ്ട്. സിന്‍ജിയാങ്ങിന് പുറമെ ടിബറ്റിലെ വ്യോമതാവളവും ചൈനയ്ക്ക് വലിയ ശക്തിയാണ് നല്‍കുന്നത്. എന്നാല്‍ ഇവയെല്ലാം 4,000 അടിക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ മുഴുവന്‍ ആയുധങ്ങളും നിറയെ ഇന്ധനവുമായി അവിടെനിന്ന് യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാന്‍ സാധിക്കില്ല. ഇന്ത്യയുടെ വ്യോമസേനാ താവളങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഇതിലും താഴെയാണെന്നതിനാല്‍ ഇന്ത്യയ്ക്ക് ഇവിടെ വ്യക്തമായ ആധിപത്യവുമുണ്ട്. ഈയൊരു പ്രശ്‌നം മറകടക്കാന്‍ ചൈനയെ പാകിസ്താന്‍ സഹായിച്ചേക്കുമോയെന്നാണ് ഇപ്പോള്‍ ഇന്ത്യ ഉറ്റു നോക്കുന്നത്.

SHARE