കൊറോണയെ പിടിച്ചുകെട്ടി ചൈന; വുഹാനില്‍ ഇതാദ്യമായി പുതിയ രോഗികളില്ല

ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ വുഹാനില്‍ പിടിച്ചുകെട്ടി ചൈന. കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ചതിന് ശേഷം ഇതാദ്യമായി വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വുഹാന്‍ നഗരത്തില്‍ ബുധനാഴ്ച പുതുതായി ഒരാള്‍ക്ക് പോലും വൈറസ് ബാധയില്ലെന്ന വാര്‍ത്ത ഒരേസമയം ചൈനക്കും ലോകത്തിനും ആശ്വാസമാവുന്നതാണ്്.

വൈറസ് നിയന്ത്രണാതീതമായതോടെ പ്രതിരോധ നടപടിയുടെ ഭാഗമായി ജനുവരി 23 മുതല്‍ കോടിക്കണക്കിന് ജനങ്ങളെ വീടുകളില്‍ നിരീക്ഷണത്തിലാക്കുക തുടങ്ങി കര്‍ശനവിലക്കുകള്‍ ചൈന ഏര്‍പ്പെടുത്തിയിരുന്നു. ഹ്യൂബെ പ്രവിശ്യയിലെ നാല് കോടിയിലേറെ ജനങ്ങളെ പുറത്തിറങ്ങുന്നതില്‍നിന്ന് വിലക്കുകയും ചെയ്തു. ശക്തമായ ഇത്തരം പ്രതിരോധ നടപടികള്‍ക്കൊടുവിലാണ് വുഹാനെ പിടിച്ചുലച്ച വൈറസിനെ പിടിച്ചുകെട്ടാന്‍ ചൈനീസ് ആരോഗ്യവകുപ്പിന് സാധിച്ചത്.

രാജത്തെ ഏറ്റവും മോശം അവസ്ഥ അവസാനിച്ചന്നെ പ്രതീക്ഷയിലാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഉള്‍പ്പെട്ട ചൈനീസ് ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും. അതേസമയം ഈ വര്‍ഷത്തിനൊടുവില്‍ മാരകമായ രീതിയില്‍ വൈറസിന്റെ ‘രണ്ടാം തരംഗത്തിനും ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ഒന്നാം ഘട്ടത്തെ പൊട്ടിത്തെറിയെ പിടിച്ചുകെട്ടാന്‍ സാധിച്ച രാജ്യത്തെ കര്‍ശന നിയന്ത്രണ നടപടികളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ചൈനയിലെ ആരോഗ്യമേഖല.

കോവിഡ് 19 മറ്റു രാജ്യങ്ങളില്‍ കൂടി പകര്‍ച്ചവ്യാധിയായി വ്യാപിക്കുന്നതാണ് ചൈനയെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയുയര്‍ത്തുന്നത്. വിദേശ രാജ്യങ്ങളിലെ വൈറസ് പ്രവാഹം അടുത്ത വര്‍ഷം വരെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് മാരകമായി വീണ്ടും ചൈനയിലെത്തുമോ എന്നതാണ് ആശങ്ക.

എന്നാല്‍, വുഹാന്‍ നഗരത്തിന് പുറമേ ചൈനയിലെ മറ്റ് പ്രദേശങ്ങളിലും രോഗത്തെ പിടിച്ചുകെട്ടാനായതും ചൈനയുടെ നേട്ടമാണ്. വുഹാന് പുറത്ത് പുതിയ കൊറോണ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പുതുതായി 34 കേസുകള്‍ മാത്രമാണ് ബുധനാഴ്ച ചൈനയില്‍ സ്ഥിരീകരിച്ചതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി. ഇതില്‍ 21 എണ്ണവും ബെയ്ജിങ് നഗരത്തിലാണ്. ചൊവ്വാഴ്ച 13 പേര്‍ക്ക് മാത്രമാണ് ചൈനയില്‍ വൈറസ് സ്ഥിരീകരിച്ചിരുന്നത്.

അതേസമയം, പുതുതായി വൈറസ് സ്ഥിരീകരിച്ചവരെല്ലാം വിദേശത്തുനിന്ന് ചൈനയിലേക്കെത്തിയ യാത്രക്കാരാണ്. പ്രാദേശികമായി ഒരു പോസിറ്റീവ് കേസ് പോലും ചൈനയ്ക്ക് അകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ വിദേശ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്കും ഇറക്കുമതി ചെയ്യുന്നതിലും കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍് ഒരുങ്ങുകയാണ് ചൈനീസ് ഭരണകൂടം.

കര്‍ശനമായ പരിശോധനയും നിരീക്ഷണ നടപടികളും ഏര്‍പ്പെടുത്തിയാല്‍ 2003ലെ സാര്‍സിനെ ഇല്ലാതാക്കിയ അതേ രീതിയില്‍തന്നെ കോവിഡ്19നെയും ഇല്ലാതാക്കാന്‍ ചൈനയ്ക്ക് കഴിയുമെന്ന്, പകര്‍ച്ചവ്യാധി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കാവോ വെയ് പറഞ്ഞു.

ചൈനയില്‍ ഇതുവരെ 80,928 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 3245 പേര്‍ മരണപ്പെട്ടു. 70420 പേര്‍ക്ക് പൂര്‍ണമായും രോഗം ഭേദമായി. ഏതാനം ദിവസങ്ങള്‍ക്ക് മുമ്പുവരെ ക്രമാതീതമായി ഉയര്‍ന്നിരുന്ന മരണനിരക്ക് വലിയ തോതില്‍ പിടിച്ചുനിര്‍ത്താനും ചൈനീസ് ആരോഗ്യവകുപ്പിന് സാധിച്ചു. ബുധനാഴ്ച എട്ട് മരണം മാത്രമേ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. ഹ്യൂബെ പ്രവിശ്യയില്‍ ചികിത്സയിലുള്ളവരായിരുന്നു ഇവരെല്ലാം.

അതേസമയം, കോവിഡ് 19 വിഷയത്തില്‍ ചൈനയിലെ അന്തിമ അവലോകനത്തിന് ഒരു മാസം കൂടി വേണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു
ഫെബ്രുവരി അവസാനത്തോടെ ചൈനയില്‍ കൊറോണ വൈറസ് പകര്‍ച്ച അതിന്റെ ഉചഛിയിലെത്തിയത്. ചൈനക്ക് പുറമെ മറ്റ് രാജ്യങ്ങളും ആവശ്യമായ നടപടി സ്വീകരിച്ചാല്‍ കോവിഡ് 19 ‘ജൂണ്‍ മാസത്തോടെ അവസാനിക്കുമെന്നാണ് വിലയിരുത്തല്‍.

SHARE