കോവിഡ് വാക്‌സിന്‍: മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് അബൂദാബി- നിര്‍ണായക നേട്ടം

ദുബൈ: ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം യു.എ.ഇയിലെ അബൂദാബിയില്‍ ആരംഭിച്ചു. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍ സിനോഫാം ആണ് അബൂദാബി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് മരുന്നു വികസിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കീഴില്‍ ലിസ്റ്റ് ചെയ്ത പരീക്ഷണമാണ് ചൈനയിലും യു.എ.ഇയിലുമായി നടക്കുന്നത്.

15,000 വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തുന്നത്. അബൂദാബി ആരോഗ്യവകുപ്പ്, അബൂദാബി ആസ്ഥാനമായ ടെക്‌ഫോം ഗ്രൂപ്പ് (ഗ്രൂപ്പ് 42) എന്നിവരാണ് വാക്‌സിനില്‍ സിനോഫാമുമായി സഹകരിക്കുന്നത്. 18-60 വയസ്സു പ്രായമുള്ളവര്‍ക്കിടയിലാണ് മരുന്നു പരീക്ഷിക്കുന്നത്.

മൂന്നു മുതല്‍ ആറു മാസം വരെ ക്ലിനിക്കല്‍ പരീക്ഷണം നീണ്ടു നില്ക്കുമെന്ന് അബൂദാബി സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അബൂദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമദ് ആണ് വാക്‌സിന്‍ സ്വീകരിച്ച ആദ്യത്തെ വളണ്ടിയര്‍. ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ കഅ്ബിയും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വാക്‌സിന്റെ ആദ്യ രണ്ടു ഘട്ട പരീക്ഷണം വിജയകരമായി ചൈനയില്‍ നടന്നിരുന്നു. ഇതിനു ശേഷമാണ് അബൂദാബിയിലെ പരീക്ഷണം.

SHARE