ചൈന ഭയക്കുന്നു; കൊറോണയുടെ രണ്ടാം വരവിനെ പ്രതീക്ഷക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

ചൈനയിലെ വുഹാനില്‍നിന്നു പടര്‍ന്ന കൊറോണ വൈറസ് ബാധ എന്ന മഹാമാരിയെ തളയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ന് ലോകം. നിലവില്‍ ചൈനയില്‍നിന്നു കേള്‍ക്കുന്നത് ആശ്വാസകരമായ വാര്‍ത്തകള്‍ ആണെങ്കില്‍പ്പോലും കൊറോണയുടെ രണ്ടാം വരവിനെ പ്രതീക്ഷിക്കണം എന്നു മുന്നറിയിപ്പ് നല്‍കുകയാണ് ഗവേഷകര്‍. ചൈനയിലെ സീനിയര്‍ മെഡിക്കല്‍ ഉപദേശകന്‍ സോയോന്‍ഗ് നാന്‍ഷാനും ഇത് ശരി വയ്ക്കുന്നു.

ചൈനീസ് ജനതയുടെ പ്രതിരോധശേഷിക്കുറവ് തന്നെയാണ് കൊറോണയുടെ വ്യാപനം സൂചിപ്പിക്കുന്നതെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഒരു മാസത്തിനു ശേഷം വീണ്ടും രോഗബാധ സ്ഥിരീകരിച്ചിരുന്നു. വുഹാനിലെ ഒരാളുള്‍പ്പെടെ 14 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വുഹാനിലെ ഡോങ്‌സിഹു ജില്ലയിലാണ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 76 ദിവസത്തെ ലോക്ഡൗണിന് ശേഷം ഫാക്ടറികളും ഓഫിസുകളും വീണ്ടും തുറന്നിരുന്നു. ഇതോടെയാണ് വീണ്ടും അസുഖം കണ്ടെത്തിയിരിക്കുന്നത്.
വ്യാഴാഴ്ച രാജ്യത്തെ എല്ലാ സ്ഥലങ്ങളും ‘ലോ റിസ്‌കില്‍’ ആണെന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഏപ്രില്‍ 28ന് ശേഷം ചൈനയില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വുഹാനില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടക്കത്തില്‍ സംഭവിച്ചതുപോലെ കോവിഡ് പടരാതിരിക്കാന്‍ വുഹാന്‍ അധികൃതര്‍ ആദ്യം തന്നെ 1.1 കോടി ആളുകള്‍ക്ക് ടെസ്റ്റിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

SHARE