ലഡാക്കില്‍ എല്ലാം പഴയപടി; ചൈന വാക്കു പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടാനിടയായ ഇന്ത്യ – ചൈന ഏറ്റുമുട്ടലിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷവും മിക്ക എല്‍എസി സ്ഥലങ്ങളില്‍ നിന്നും ചൈന ഇതുവരെ പിന്‍മാറിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാഖിലെ സൈനികനീക്കം അവസാനിപ്പിച്ച് ചൈനീസ് സേന പിന്‍മാറിയിട്ടില്ലെന്നും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് ചൈന പിന്നോട്ടു പോയിട്ടില്ലെന്നും വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ സ്ട്രാറ്റ്‌ഫോര്‍ ഉപഗ്രഹദൃശ്യങ്ങളിലെ പുതിയ വിലയിരുത്തലാണ് ലഡാക്ക് സെക്ടറിലെ യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപം പലയിടത്തും ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ലഡാഖ് മേഖലയില്‍ മാത്രം യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്ന് പൂര്‍ണസജ്ജമായ 50ഓളം പുതിയ ചൈനീസ് സൈനിക ക്യാംപുകളുണ്ടെന്നാണ് ജൂലൈ 22ന് പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സൈനിക ക്യാംപുകള്‍ക്ക് പുറമെ സപ്പോര്‍ട്ട് ബേസുകളും ഹെലിപ്പാഡുകളും ചൈന തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 26 പുതിയ ചൈനീസ് പാളയങ്ങള്‍, 22 പുതിയ സപ്പോര്‍ട്ട് ബേസുകള്‍, രണ്ട് പുതിയ ഹെലിപോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. യഥാര്‍ഥ നിയന്ത്രണരേഖയുടെ ചൈനീസ് ഭാഗത്താണ് ഈ നിര്‍മാണങ്ങളെല്ലാം നടന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Image

അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനായി ഇന്ത്യയുമായി 1993ല്‍ ചൈനയുണ്ടാക്കിയ കരാറിന് വിരുദ്ധമാണ് പുതിയ നിര്‍മാണങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും അയല്‍ബന്ധവും നിലനിര്‍ത്താനായി യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്ന് പരമാവധി കുറച്ച് സൈന്യത്തെ മാത്രമേ വിന്യസിക്കാവൂ എന്നാണ് 1993ലെ കരാര്‍. ഈ കരാര്‍ 1996ല്‍ പുതുക്കിയിട്ടുമുണ്ട്. ചൈന പുതുതായി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളില്‍ പലതും സ്ഥിരമാണെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ ഒരു മിലിട്ടറി നിരീക്ഷകനെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Image

‘ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും അയല്‍രാജ്യ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതുമായ നല്ലരീതിയിലുള്ള സൈനിക നീക്കങ്ങള്‍ യഥാര്‍ത്ഥ നിയന്ത്രണത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ ആവാമെന്നാണ് 1993 ലെ കരാര്‍. എന്നാല്‍ ”സ്ഥിരവും അര്‍ദ്ധ സ്ഥിരവുമായ രീതിയിലുള്ള നിര്‍മാണങ്ങളാണ് ഇപ്പോഴുള്ളതെന്ന് ഫോഴ്സ് അനാലിസിസ് ആന്റ് സ്ട്രാറ്റ്ഫോറിലെ മിലിട്ടറി അനലിസ്റ്റും എഴുത്തുകരാനുമായ സിം ടാക്ക് ദി ഹിന്ദുവിനോട് പറഞ്ഞു. പുതുതായി ഒരുക്കിയിരിക്കന്ന സംവിധാനങ്ങളില്‍ ചിലത് നിലവിലുള്ള കെട്ടിടങ്ങളോട് ചേര്‍ന്നാണെങ്കില്‍ മറ്റു ചില കേന്ദ്രങ്ങളില്‍ ചൈന ടെന്റുകള്‍ നിര്‍മിക്കുകയാണ് ചെയ്തിട്ടുള്ളത്.

അതിര്‍ത്തിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വിശാലമായ കാഴ്ചപ്പാട് ആവശ്യമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ചൈനയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ അന്താരാഷ്ട്ര കാഴ്ചപ്പാട് ആവശ്യമാണ്. വിശാലമായ കാഴ്ചപ്പാടാണ് വേണ്ടത്. ഇത്തരത്തില്‍ വ്യക്തമായ കാഴ്ചപാട് മോദി സര്‍ക്കാരിനില്ലാത്തത് ചൈന മുതലെടുക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി മോദി സ്വന്തം ഇമേജ് സൃഷ്ടിക്കുന്ന തിരക്കിലാണെന്നും ഒരു മനുഷ്യന്റെ പ്രതിച്ഛായ ദേശീയ കാഴ്ചപ്പാടിന് പകരം വയ്ക്കാനാകില്ലെന്നും, ജനങ്ങളുമായി സംവദിക്കുന്നതിനുള്ള തന്റെ വീഡിയോ പരമ്പരയിലെ മൂന്നാം ഭാഗത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.