ചൈനയുടെ മഹാമനസ്‌കത ഗൂഢതന്ത്രമെന്ന് വിമര്‍ശകര്‍

ചൈന വൈറസ് വ്യാപനം തടയുന്നതിലുള്ള മുന്‍കരുതലുകളില്‍ വരുത്തിയ വീഴ്ച്ചയില്‍ ദുരിതമനുഭവിക്കേണ്ടി വന്നത് ലോകമായിരുന്നു. സ്വന്തം രാജ്യത്തു കോവിഡ് വ്യാപനത്തെ വരുതിയിലാക്കിയെന്ന് പറയുന്ന ചൈന ലോകരാജ്യങ്ങളെ സഹായിക്കാനിറങ്ങുന്നതിനെതിരെ വിമര്‍ശകരും രംഗത്തെത്തി. ചൈനയുടെ സ്വാധീനം ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ തെളിയിക്കാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണിതെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനത്തിനു മുന്നില്‍ അമേരിക്കയും യൂറോപ്പും പകച്ചുനില്‍ക്കുമ്പോള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയും ലക്ഷക്കണക്കിനു മാസ്‌കുകളും മറ്റുപകരണങ്ങളുമാണ് ചൈന വാഗ്ദാനം ചെയ്തിരിക്കുന്നത്.

കോവിഡ് രോഗഭീതി ഒഴിഞ്ഞതിനു ശേഷം റഷ്യ, ഇറാന്‍, പാക്കിസ്ഥാന്‍, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മറ്റൊരു ലോകക്രമം പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് നയതന്ത്ര വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.കഴിഞ്ഞ വര്‍ഷം ചൈനയിലെ വുഹാനില്‍ വന്യമൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റില്‍നിന്നാണ് കൊറോണ വൈറസ് വ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് രോഗം പൂര്‍ണമായി നിയന്ത്രണവിധേയമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ മരണനിരക്കിന്റെ കണക്കില്‍ ചൈന പറയുന്നത്് വലിയ നുണയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചൈന നല്‍കുന്ന സഹായങ്ങള്‍ക്ക് മാര്‍ച്ച് 18ന് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റ് നന്ദി അറിയിച്ചിരുന്നു. എന്നാല്‍ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കം മഹാമനസ്‌കതയുടെ രാഷ്ട്രീയത്തിനു പിന്നിലുണ്ടെന്ന് മറക്കരുതെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ വിദേശനയ വിഭാഗം മേധാവി ജോസഫ് ബോറെല്‍ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ചുള്ള വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ ചൈന മൂടിവച്ചതാണ് മറ്റു രാജ്യങ്ങളിലേക്കു രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമെന്നും ബോറെല്‍ പറഞ്ഞു.എന്നാല്‍ പല രാജ്യങ്ങള്‍ക്കും ചൈനയുടെ സഹായം ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വന്‍തോതില്‍ മാസ്‌കുകളും മറ്റും ഫ്രാന്‍സ് ചൈനയില്‍നിന്നു വാങ്ങിക്കൂട്ടിയിട്ടുണ്ട്. ചൈന ഇപ്പോള്‍ കാണിക്കുന്ന മഹാമനസ്‌കത വൈറസ് വ്യാപനത്തിന് മുമ്പ് കാണിച്ചിരുന്നെങ്കില്‍ നിരവധിയാളുകളുടെ ജീവന്‍ നഷ്ടമാക്കില്ലെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.

SHARE