‘ഒരു വൈറസ് ബാധയുടെ കാലത്ത്’; അമേരിക്കയെ പരിഹസിക്കുന്ന വീഡിയോയുമായി ചൈന

കൊറോണ വൈറസിനെ കുറിച്ചുള്ള ചൈനയുടെ മുന്നറിയിപ്പ് യു.എസ്. അവഗണിച്ചതായി ആരോപിച്ചു കൊണ്ട് ആക്ഷേപഹാസ്യ വീഡിയോയുമായി ചൈന. ഒരു മിനിട്ട് 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഫ്രാന്‍സിലെ ചൈനീസ് എംബസിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘വണ്‍സ് അപ്പോണ്‍ എ വൈറസ്’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ നാള്‍വഴികള്‍ക്കൊപ്പം ചൈനയെയും അമേരിക്കയെയും പ്രതിനിധീകരിക്കുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് വീഡിയോയുടെ പ്രമേയം.

യു.എസ്. ലോകാരോഗ്യസംഘടനയെ കുറ്റപ്പെടുത്തുന്നതടക്കം വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചൈന നടത്തുന്ന പ്രതിരോധ നടപടികളെ മനുഷ്യാവകാശ ലംഘനമാണെന്ന് അമേരിക്ക ഒന്നിലധികം തവണ ആരോപിക്കുന്നതായും വീഡിയോയിലുണ്ട്. കോവിഡ് മഹാമാരി അമേരിക്കയില്‍ വലിയ രീതിയില്‍ പടര്‍ന്ന് പിടിച്ചതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലതവണ ചൈനക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

SHARE