സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനക്ക് പിന്നാലെ ഗാല്‍വാന്‍ വാലിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ചൈന

ബെയ്ജിങ്: ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനക്ക് പിന്നാലെ ഗാല്‍വാന്‍ വാലിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ചൈന.
സംഘര്‍ഷത്തിലെ ഇന്ത്യന്‍ സൈനികരെ കണ്ടെത്താനാണ് ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യം ഡ്രോണുകള്‍ ഉപയോഗിച്ചതെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പരിക്കേറ്റ ഇന്ത്യന്‍ സൈനികരെ കണ്ടെത്താന്‍ ഇന്ത്യ ഹെലികോപ്റ്ററുകള്‍ അയച്ചിരിക്കെയാണ് ചൈനയുടെ ഡ്രോണുപയോഗം.

അതേസമയം, പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെയും സമാധാനപരമായും പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വാക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.
ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയം അക്രമിക്കുകയും ചെയ്തതാണ് ശാരീരിക ഏറ്റുമുട്ടലില്‍ കലാശിച്ചത്. പ്രകോപനം സൃഷ്ടിക്കരുതെന്നും സാഹചര്യം സങ്കീര്‍ണ്ണമാക്കുന്ന ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്നും ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.’ ചൈനീസ് വാക്താവ് പറഞ്ഞു.

അതേസമയം സംഘര്‍ഷത്തില്‍ ഇരുഭാഗത്തുമുണ്ടായ ആള്‍നഷ്ടം സംബന്ധിച്ചോ പരിക്കുകളെ കുറിച്ചോ ഷാവോ ലിജിയാന്‍ പ്രസ്താവനയില്‍ പറഞ്ഞില്ല. സംഭാഷണത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്നം പരിഹരിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കാണാതായ പലരെയും ഹെലികോപ്റ്റര്‍ നിരീക്ഷണത്തിന് ശേഷം ഇന്ത്യ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.