കോവിഡ്: ചൈനയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍; മാംസം ഇറക്കുമതി നിര്‍ത്തി- ഓസീസ് ചരക്കുകള്‍ ബഹിഷ്‌കരിച്ചേക്കും

ബീജിങ്: കോവിഡിന്റെ ഉത്ഭവത്തെ ചൊല്ലി യു.എസിന് പിന്നാലെ ഓസ്‌ട്രേലിയയുമായും ചൈന നയതന്ത്ര യുദ്ധത്തില്‍. കോവിഡ് എവിടെ നിന്ന് വന്നു എന്നതിനെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ഓസീസ് ആവശ്യമാണ് ചൈനയെ ചൊടിപ്പിച്ചത്. കോവിഡിന്റെ തുടക്കം മുതല്‍ ഓസ്‌ട്രേലിയ അന്താരാഷ്ട്രതലത്തില്‍ ഈയാവശ്യം ഉന്നയിക്കുന്നുണ്ട്.

ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള മാംസ ഇറക്കുമതി ചൈന താല്‍ക്കാലികമായി നിരോധിച്ചത്. നാല് ഓസീസ് കശാപ്പുശാലകളില്‍ നിന്നുള്ള മാംസ ഇറക്കുമതിയാണ് ചൈന നിര്‍ത്തിവച്ചത്. ഓസീസ് ബാര്‍ലിക്ക് എണ്‍പത് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയതിന് ദിവസങ്ങള്‍ക്കകമാണ് ഈ തീരുമാനം.

ഓസ്‌ട്രേലിയയുടെ മാംസ വിപണി

ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ മാംസ വിപണിയാണ് ചൈന. ഓസീസില്‍ നിന്നുള്ള മുപ്പത് ശതമാനം മാംസക്കയറ്റുമതിയും ഏഷ്യന്‍ രാജ്യത്തിലേക്കാണ്. ചൈനീസ് തീരുമാനം അങ്ങേയറ്റം നിരാശാജനകമാണ് എന്ന് വ്യാപാര മന്ത്രി സൈമണ്‍ ബിര്‍മിങ് ഹാം പ്രതികരിച്ചു.

ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി കൂടിയാണ് ചൈന. 2019 ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം 235 ബില്യണ്‍ ഓസീസ് ഡോളറിന്റേതാണ്.

കോവിഡ് ഉത്ഭവത്തില്‍ യു.എസിനൊപ്പം ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണത്തന് സമ്മര്‍ദ്ദം ചെലുത്തുന്ന ഓസീസ് സര്‍ക്കാറിനോടുള്ള, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നടപടിയാണ് ഇതെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്ക് അനാലിസ്റ്റ് റിച്ചാര്‍ഡ് മക്ഗ്രകര്‍ പറഞ്ഞു. ഓസ്‌ട്രേലിയയെ മനഃപൂര്‍വ്വം ശിക്ഷിക്കാനുള്ള തീരുമാനമാണിത്. ഓസീസ് ചരക്കുകളെ ചൈനയില്‍ ബഹിഷ്‌കരിക്കാനുള്ള സാദ്ധ്യതയും കാണുന്നു- അദ്ദേഹം വ്യക്തമാക്കി.

യു.എസ് ബന്ധവും മോശമായി

കോവിഡിന് പിന്നാലെ യു.എസുമായുള്ള ചൈനയുടെ വ്യാപാര ബന്ധം ഏറ്റവും മോശം നിലയിലാണിപ്പോള്‍. ചൈനയുമായി വ്യാപാര ബന്ധം തുടര്‍ന്നു കൊ്ണ്ടു പോകാന്‍ താത്പര്യമില്ലെന്ന് തിങ്കളാഴ്ചയും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഡൊണാള്‍ഡ് ട്രംപ്

ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഘട്ടങ്ങളായുള്ള വ്യാപാര ഉടമ്പടിയാണ് ഉള്ളത്. ഒന്നാംഘട്ട ഉടമ്പടിയാണ് (ഫേസ് വണ്‍) ഇപ്പോഴുള്ളത്. ഇതുപ്രകാരം രണ്ടു വര്‍ഷത്തേക്ക് 200 ബില്യണ്‍ യു.എസ് ഡോളറിന്റെ യു.എസ് ഉത്പന്നങ്ങളും സേവനങ്ങളും ചൈന വാങ്ങണം. ഇത്രയും കാലം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തിരിച്ച് യു.എസില്‍ നികുതിയിളവും നല്‍കണം. ഈ കരാര്‍ കോവിഡിന് പിന്നാലെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. രണ്ടാം ഘട്ടത്തിനായുള്ള വ്യാപാര ചര്‍ച്ചകളും പ്രതിസന്ധിയിലായി.

വുഹാനിലെ പരീക്ഷണശാലയില്‍ നിന്നാണ് കോവിഡ് വൈറസ് പുറത്തെത്തിയത് എന്നാണ് ട്രംപിന്റെ ആരോപണം. ആരോപണം ചൈന ശക്തമായി നിഷേധിക്കുകയാണ്.