ബെയ്ജിങ്: ലോകത്തെ പിടിച്ചുലക്കിയുള്ള കോവിഡ് വ്യാപനം അമേരിക്കയേയും ചൈനയയേും ശീതയുദ്ധത്തിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ട്. ”യുഎസിലെ ചില രാഷ്ട്രീയ ശക്തികള്‍ ചൈന-യുഎസ് ബന്ധത്തെ വഷളാക്കുന്നതായും ഇത് ഇരു രാജ്യങ്ങളെയും പുതിയ ശീതയുദ്ധത്തിന്റെ വക്കിലെത്തിക്കുകയും ചെയ്യുന്നതായും,”
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഞായറാഴ്ച പറഞ്ഞു. കൊവിഡ്-19, ഹോങ്കോങ് തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കെയാണ് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്.
കൊറോണ വൈറസ്, ഹോങ്കോങ് തുടങ്ങിയ വിഷയങ്ങളില്‍ യുഎസ് അനാവശ്യ ഇടപെടല്‍ നടത്തുകയാണ്. ചൈനയെ കുറ്റപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ഇതിന് പിന്നില്‍ യുഎസി ചില പ്രത്യേക കേന്ദ്രങ്ങളാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. ചൈന-യുഎസ് ബന്ധം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.- വാങ് യി പറഞ്ഞു. വാഷിംഗ്ടണിന് ”രാഷ്ട്രീയ വൈറസ്” ബാധിച്ചതായി തോന്നുന്നുവെങ്കിലും കൊറോണ വൈറസ് ഉറവിടം കണ്ടെത്താനുള്ള ഒരു അന്താരാഷ്ട്ര ശ്രമത്തിന് ബീജിംഗ് തയ്യാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹോങ്കോങ്ങ് സുരക്ഷാ നിയമം വൈകാതെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരം, മനുഷ്യാവകാശ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ചൈനയും യുഎസും തമ്മില്‍ വര്‍ഷങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. അതിനിടെ കൊവിഡ്-19 എത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുന്നത്. കോവിഡ് വൈറസിനെ ചൈനീസ് വൈറസെന്നു അമേരിക്കയെ തകര്‍ക്കാനായി ചൈന സൃഷ്ടിച്ചതാണ് കൊറോണ വൈറസെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കം മുതല്‍ ആരോപിച്ചിരുന്നു. ലോകാരോഗ്യ സംഘടന ചൈനയുടെ കളിപ്പാവയാണെന്ന് ആരോപിച്ച ട്രംപ് ഫണ്ട് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, വൈറസ് മനുഷ്യസൃഷ്ടിയല്ലെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ പിന്നീട് അഭിപ്രായപ്പെട്ടു.
എന്നാല്‍ വൈറസ് വ്യാപനത്തിന് ഉത്തരവാദി ചൈന തന്നെയാണെന്ന് ട്രംപ് ആവര്‍ത്തിക്കുന്നത്. വൈറസ് പൊട്ടിപ്പുറപ്പെടുന്നതില്‍ സുതാര്യതയില്ലെന്ന് ആരോപിച്ച ട്രംപ്, ചൈനീസ് ഉന്നത ലബോറട്ടറിയില്‍ നിന്ന് വൈറസ് ചോര്ന്നതായിരിക്കാമെന്നും കുറ്റപ്പെടുത്തി. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചൈനയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹോങ്കോങ് വിവാദവും. ഹോങ്കോങ് പ്രക്ഷോഭത്തിന് നേരത്തെ അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഹോങ്കോങ്ങിലെ ജനങ്ങളുടെ മനുഷ്യാവകാശത്തിനായി യുഎസ് നിയമനിര്‍മാണവും നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചൈന ഹോങ്കോങ്ങില്‍ പുതിയ സുരക്ഷാ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത് അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.
കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടുമുള്ള 350,000 ആളുകളെ കൊന്നൊടുക്കുകയും ആഗോള സമ്പദ്വ്യവസ്ഥയെ വന്‍ മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്തിരിക്കെയാണ് ഇപ്പോള്‍ ശീത യുദ്ധഭീഷണിയും ഉയരുന്നത്.