ചൈനയില്‍ രണ്ടാം തരംഗം; പുതിയ കൊറോണ സ്ഥിരീകരണം ആറ് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ബീജിങ്: ആറ് ആഴ്ചയ്ക്കിടെ പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകിക്കുന്നതില്‍ റെക്കോര്‍ഡിലെത്തി ചൈന. വിദേശത്ത് നിന്ന് എത്തുന്ന രോഗികളുടെ എണ്ണം കഴിഞ്ഞദിവസങ്ങളെക്കാള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തേക്ക് തിരിച്ചെത്തുന്ന പൗരന്മാരില്‍ കോവിഡ് -19 സ്ഥിരീകരണം കൂടിതയതോടെ ചൈനയില്‍ വൈറസിന്റെ രണ്ടാം തരംഗം തടയുന്നതില്‍ രാജ്യം വെല്ലുവിളികള്‍ നേരിടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഞായറാഴ്ചയോടെ 108 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 5 ന് 143 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും കൂടുതല്‍ വൈറസ് സ്ഥിരീകരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ 97 പേരും വിദേശത്ത് നിന്നും എത്തിയവരാണെന്നാണ് ചൈനീസ് ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കുന്നത്.

ചൈനയില്‍ ഔദ്യോഗിക കണക്കനുസരിച്ച് ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 82,160 ആണ്. 3,341 പേര്‍ മരണപ്പെട്ടതായുമാണ് കണക്ക്. അതേസമയം രാജ്യത്തിന് പുറത്ത് മരിച്ച പ്രവാസി പൗരന്മാരുടെ കണക്ക് ചൈന പുറത്തുവിട്ടില്ല. നിലവില്‍ ലോകത്താകമാനം പടര്‍ന്ന കോവിഡ് മഹാമാരി ആള്‍നാശത്തിന്റെ കണക്കില്‍ നിരവധി രാജ്യങ്ങള്‍ ഉറവിട രാജ്യമായ ചൈനയെ മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് വ്യാപനം ഫെബ്രുവരിയോടെ ചൈനക്ക് പിടിച്ചുകെട്ടാനായെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പകര്‍ച്ചവ്യാധിയുടെ ദിവസേനയുള്ള കുതിച്ചുചാട്ടം ഫെബ്രുവരിയോടെ കുത്തനെ കുറഞ്ഞുവെങ്കിലും, വൈറസ് ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ചതോടെ കോവിഡ് ചൈനയെ വീണ്ടും പിടിമുറുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രോഗബാധിതരായ ആളുകള്‍ രാജ്യത്തേക്ക് തിരിച്ചെത്തിയതാണ് രണ്ടാം തരംഗത്തിന് കാരണമാകുന്നതെന്നാണ് ചൈന ആശങ്കപ്പെടുന്നത്. എന്നാല്‍ ഉറവിട മേഖലയായ വുഹാനില്‍ വൈറസിനെ പിടിച്ചുകെട്ടിയെന്ന് ചൈന അവകാശപ്പെടുമ്പോള്‍ മറ്റുരാജ്യങ്ങളിലെന്നപോലെ ചൈനയുടെ മറ്റു പ്രവിശ്യകളിലേക്കും കോവിഡ് വ്യാപനം നടന്നോ എന്നതില്‍ അധികൃതര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.