ബയ്ജിങ്: കൊറോണ വൈറസിന്റെ ആദ്യത്തെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ 25 പുതിയ കോവിഡ് -19 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 14 പേര്‍ക്ക് ഒരു തരത്തിലുള്ള രോഗലക്ഷണങ്ങളും കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദേശത്ത് നിന്നുള്ള രണ്ട് കേസുകള്‍ ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഇല്ലാത്ത 18 പുതിയ കേസുകള്‍ ചൈനയില്‍ ഞായറാഴ്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈനയിലെ വുഹാനിൽ പോലും ഇപ്പോഴും കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവിടെ 76 ദിവസത്തെ ലോക്ഡൗണിന് ശേഷം ഫാക്ടറികളും ഓഫിസുകളും വീണ്ടും തുറന്നിരുന്നു. ഇതോടെയാണ് വീണ്ടും അസുഖം കണ്ടെത്തിയിരിക്കുന്നത്. വുഹാന്‍ നഗരത്തില്‍ ആകെ കേസുകളുടെ എണ്ണം 337 ആയി ഉയര്‍ന്നു. ആകെ 448 പേരാണ് ഇപ്പോള്‍ മെഡിക്കല്‍ നിരീക്ഷണത്തിലുള്ളത്. രണ്ടാം ഘട്ടത്തില്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 4,634 ആയി തുടരുന്നു.
ഞായറാഴ്ച പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി കര്‍ശന നിയന്ത്രണ നടപടികള്‍ നടപ്പിലാക്കിയ ജിലിന്‍ പ്രവിശ്യയില്‍ ഞായറാഴ്ച രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഷാങ്ഹായ് നഗരത്തില്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികള്‍ പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിലും അവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നതാണ് ഭീഷണിയാവുന്നത്.
ഞായറാഴ്ച വരെ, ചൈനയില്‍ ആകെ സ്ഥിരീകരിച്ച കേസുകള്‍ 82,954 ല്‍ എത്തി, ഇതില്‍ ഇപ്പോഴും ചികിത്സയിലായിരിക്കുന്ന 82 രോഗികള്‍ അടക്കം 78,238 പേര്‍ സുഖം പ്രാപിച്ചു.
അതേസമയം ചൈനയില്‍ കോവിഡ് വ്യാപന ഭീതി വീണ്ടും ഉയര്‍ന്നതോടെ വുഹാന്‍ നഗരത്തിലെ 11 ദശലക്ഷം ജനസംഖ്യയില്‍ വന്‍തോതില്‍ പരിശോധനക്ക് ഒരുങ്ങിയിരിക്കുകയാണ് അധികൃതര്‍ നടത്തുന്നു. അടുത്ത പത്ത് ദിവസത്തിനിടെ ചൈനയിൽ 1.1 കോടി പേർക്ക് ടെസ്റ്റിങ് നടത്താനാണ് പദ്ധതി.
തുടക്കത്തിൽ സംഭവിച്ചതുപോലെ കോവിഡ്–19 പടരാതിരിക്കാൻ വുഹാൻ അധികൃതർ ആദ്യം തന്നെ ആളുകൾക്ക് ടെസ്റ്റിങ് നടത്താൻ തീരുമാനിക്കുകയായിരുന്നു. വുഹാനിലെ താമസക്കാർക്ക് ന്യൂക്ലിക് ആസിഡ് പരിശോധന നടത്താൻ അധികൃതർ പദ്ധതിയിടുന്നുണ്ട്. ഇത് 10 ദിവസത്തിനുള്ളിൽ നടത്തണമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പരിശോധന എപ്പോൾ ആരംഭിക്കുമെന്ന് അറിയിപ്പ് വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല.