ചൈനയില്‍ നവംബറോടെ കൊറോണയുടെ രണ്ടാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധന്‍

ഈ വര്‍ഷം നവംബറോടെ ചൈനയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഷാങ്ഹായിലെ കോവിഡ്19 ക്ലിനിക്കല്‍ വിദഗ്ധനായ ഴാങ് വെനോങ്. കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ചൈനയിലെ ജീവിതം സാധാരണഗതിയിലേക്ക് മാറിക്കൊണ്ടിരിക്കെയാണ് പുതിയ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

‘ഒക്ടോബര്‍ മാസത്തിനുള്ളില്‍ വൈറസ് വ്യാപനം തടഞ്ഞില്ലെങ്കില്‍ ശൈത്യകാലത്തോടെ വൈറസിന്റെ രണ്ടാം വരവുണ്ടാകുമെന്നാണ് ഴാങ് വെനോങ് മുന്നറിയിപ്പ് നല്‍കുന്നത്. സമ്പദ് വ്യവസ്ഥയെ തിരികെ ചലനാത്മകമാക്കുന്നതിനായി ചൈനീസ് അധികൃതര്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഴാങ് വെനോങ് വൈറസിന്റെ രണ്ടാം തരംഗം പ്രവചിച്ചിരിക്കുന്നത്.

വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന വുഹാനില്‍ അടക്കം രോഗത്തെ പിടിച്ചുകെട്ടിയെങ്കിലും വിദേശത്തുനിന്ന് തിരിച്ചെത്തുന്ന ചൈനീസ് പൗരന്മാരില്‍ കൂടി രോഗം രാജ്യത്ത് വ്യാപിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമേരിക്കയില്‍ നിലവില്‍ വല്ലാതെ പടരുന്ന രോഗത്തെ മെയ് മാസത്തോടെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. അതിനു ചൈനയും അമേരിക്കയും തമ്മില്‍ നിരന്തരം സഹകരണം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

SHARE