ബീജിങ്: മനുഷ്യന്റെ ഇച്ഛാശക്തിക്കു മുമ്പില്‍ കോവിഡ് മഹാമാരി തോറ്റു. കോവിഡ് വൈറസ് ആദ്യമായി നാശം വിതച്ച ചൈനയിലെ വുഹാന്‍ 11 ആഴ്ച നീണ്ട ലോക്ക്ഡൗണിന് ശേഷം വീണ്ടും സാധാരണ ജീവിതത്തിലേക്ക്. ബുധനാഴ്ചയാണ് വുഹാനിലെ ലോക്ക്ഡൗണ്‍ ചൈനീസ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. വുഹാനില്‍ നിന്ന് ആരംഭിച്ച വൈറസ് യൂറോപ്പും യു.എസും അടക്കം ലോകരാഷ്ട്രങ്ങളെ പിടിച്ചു കുലുക്കുന്ന വേളയിലാണ് ഈ നഗരം ജീവിതത്തിന്റെ സ്വച്ഛന്ദതയെ തിരിച്ചുപിടിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് വുഹാന്‍ അടങ്ങുന്ന ഹുബെയ് പ്രവിശ്യയിലെ ലോക്ക്ഡൗണ്‍ അധികൃതര്‍ നീക്കിയിരുന്നു. ദിവസങ്ങളുടെ നിരീക്ഷണത്തിന് ശേഷമാണ് 11 ദശലക്ഷം പേര് വസിക്കുന്ന വുഹാനിലെയും നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായത്. ജനുവരി 23നാണ് നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ബുധനാഴ്ച മാത്രം വുഹാനിലെ ട്രയിനുകളില്‍ 55,000 പേര് യാത്ര ചെയ്തതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വുഹാനില്‍ കോവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യാങ്തെ നദിക്കരയിലാണ് ചൈനയിലെ വ്യാവസായിക ഹബ്ബായി അറിയപ്പെടുന്ന വുഹാന്‍. ഇവിടെ മാത്രം അമ്പതിനായിരത്തിലേറെ കോവിഡ് പോസിറ്റീവ് കേസുളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2500 ലേറെ മരണങ്ങളുമുണ്ടായി. ചൈനയിലെ മൊത്തം മരണങ്ങളില്‍ 77 ശതമാനവും വുഹാനിലാണെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന് കണക്കുകള്‍ പറയുന്നു.
വൈറസ് തിരിച്ചുവന്നേക്കാമെന്ന ഭീതിയില്‍ വന്‍ മുന്‍കരുതലുകളാണ് ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത അപ്ലിക്കേഷന്‍ വഴി മാത്രമേ പുറത്തേക്ക് സഞ്ചരിക്കാനാകൂ. കോവിഡ് രോഗലക്ഷണങ്ങളെ കുറിച്ച് സര്‍ക്കാറിനെ അറിയിക്കുന്ന ആപ്ലിക്കേഷനാണിത്. സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ ഒരിക്കലും പുറത്തിറങ്ങരുതെന്ന കര്‍ശ്ശ നിര്‍ദ്ദേശവുമുണ്ട്.