തിരുവനന്തപുരം: ‘ആണി തറച്ച ബേസ് ബോള്‍ ബാറ്റും ഇരുമ്പു കമ്പി ചുറ്റിയ ദണ്ഡുമായി ചൈനീസ് സേന’.അടിച്ചും ഇടിച്ചും കല്ലെറിഞ്ഞും അവര്‍ ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യം കെടുത്താന്‍ നോക്കി. പക്ഷേ, കയ്യില്‍ കിട്ടിയതുപയോഗിച്ച് ഞങ്ങള്‍ ശത്രുവിനെ അടിച്ചോടിച്ചു. രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടു കൊടുക്കില്ല ഞങ്ങള്‍.ഇന്ത്യ – ചൈന അതിര്‍ത്തിയായ കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഗല്‍വാന്‍ താഴ്വരയില് കഴിഞ്ഞ മാസം 15 ന് നടന്ന ഏറ്റുമുട്ടലില്‍ ശത്രു പാളയത്തിലെത്തി, വിജയം കൈവരിച്ച ബിഹാര്‍ 16 റജിമെന്റിലെ ധീരയോദ്ധാക്കളില്‍ ഒരാളായ വെണ്‍പകല്‍ പുള്ളറക്കോണം സ്വദേശി നായിക് എസ്.ശ്യാം ലാലിന്റെ വാക്കുകളാണിത്. കണ്ണടച്ചാല്‍ തെളിയുന്നത് വീരമൃത്യു വരിച്ച സഹപ്രവര്‍ത്തകരുടെ മുഖങ്ങളാണെന്നു ശ്യാംലാല്‍ പറയുന്നു. ആണി തറച്ച ബേസ്ബോള്‍ ബാറ്റും ഇരുമ്പു കമ്പി ചുറ്റിയ ദണ്ഡുമായി ചൈനീസ് സേന ആക്രമിച്ചതിന്റെ പരുക്കുകളാണു ശ്യാം ലാലിന്റെ ശരീരത്തില്‍ നിറയെ.
‘കഴിഞ്ഞ മാസം 15 ന് വൈകിട്ട് 5 മുതല്‍ പിറ്റേ ദിവസം 3 വരെയാണു ഏറ്റുമുട്ടലുണ്ടായത്. ഞങ്ങള്‍ 800 പേരുണ്ടായിരുന്നു. എന്ത് അത്യാഹിതം ഉണ്ടായാലും വിജയിച്ചേ മടങ്ങൂ എന്നും, ശത്രുവിനെ തുരത്തിയോടിക്കണം എന്നുമായിരുന്നു ഞങ്ങള്‍ക്കു ലഭിച്ച നിര്‍ദേശം. ഉറ്റ സഹപ്രവര്‍ത്തകര്‍ പലരും നഷ്ടമായതിന്റെ വേദനയുണ്ട്. പക്ഷേ ശത്രുവിനെ തുരത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഇന്‍ഫന്‍ട്രി ബറ്റാലിയന് കമാന്‍ഡര്‍ കൂടിയായ കേണല്‍ സന്തോഷ് ബാബുവിന്റെയും സഹപ്രവര്‍ത്തകരുടെയും വേര്‍പാട് ഏറെ വേദനിപ്പിച്ചു.
പരേതനായ ശശിധരന് നായര്‍ കലാദേവി ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവനായ ശ്യാം ലാല്‍ 12 വര്‍ഷം മുന്‍പാണു സൈന്യത്തില്‍ പ്രവേശിച്ചത്. 2 വര്‍ഷമായി ലഡാക്കിലാണ് നിയമനം.സേനയുടെ പ്രത്യേക വിമാനത്തില്‍ കഴിഞ്ഞ മാസം 24 ന് തിരുവനന്തപുരത്ത് എത്തിയ ശ്യാംലാല്‍ വെണ്‍പകലിലെ സ്വന്തം വീട്ടില്‍ ക്വാറന്റീനിലായിരുന്നു. ബുധനാഴ്ച, ക്വാറന്റീന് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തറവാട് വീട്ടിലേക്കു മടങ്ങി. റജിമെന്റില്‍ നിന്നു അറിയിപ്പു ലഭിക്കുന്നതു വരെ നാട്ടില്‍ തുടരും. പിതാവ് എസ്. ശശിധരന് നായര്‍ ഹവില്‍ദാരായിരുന്നു. ശ്യാംലാലിന്റെ മൂത്ത സഹോദരന് ശരത് പഞ്ചാബ് റെജിമെന്റില്‍ ഹവില്‍ദാരാണ്. രേഷ്മയാണ് ശ്യാംലാലിന്റെ ഭാര്യ. നിരഞ്ജന്, സമൃദ്ധി എന്നിവര്‍ മക്കള്‍.