ഗാല്‍വാനിലെ ആള്‍നാശം ഒളിക്കാന്‍ സൈനികരുടെ സംസ്‌കാരചടങ്ങുകളില്‍ ചൈന നിയന്ത്രണം ഏര്‍പ്പെടുത്തി

വാഷിങ്ടണ്‍: ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്‌കാരചടങ്ങുകള്‍ രഹസ്യമായി നടത്താന്‍ ചൈനീസ് സര്‍ക്കാര്‍ കുടുംബാംഗങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം. ചൈനയുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലാത്തതാണ് ഇതിനുകാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ജൂണ്‍ 15 തിങ്കളാഴ്ച രാത്രിയിലാണ് ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആള്‍നാശം സംബന്ധിച്ച കണക്കുകള്‍ ചൈന പുറത്തുവിട്ടിരുന്നില്ല. ഇരുഭാഗത്തും ആള്‍നാശമുണ്ടായതായി ഇന്ത്യന്‍ സൈന്യത്തിന്റെ പ്രസ്താവനയിലുണ്ടായിരുന്നു.

ആള്‍നാശം സംഭവിച്ചത് സ്ഥിരീകരിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, സൈനികരുടെ സംസ്‌കാരം നടത്താന്‍ വിസമ്മതിക്കുകയാണെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളോട് വളരെ മോശമായ രീതിയിലാണ് ചൈനീസ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈനികരുടെ കുടുംബാംഗങ്ങളോട് പരമ്പരാഗത ചടങ്ങുകള്‍ ഉപേക്ഷിച്ചുകൊണ്ട് സംസ്‌കാരം നടത്തണമെന്നും വ്യക്തിപരമായ അനുബന്ധചടങ്ങുകള്‍ ഒഴിവാക്കണമെന്നും ചൈനീസ് സിവില്‍ അഫയേഴ്‌സ് മന്ത്രാലയം ആവശ്യപ്പെട്ടതായി രഹസ്യാന്വേഷണവിഭാഗത്തെ ഉദ്ധരിച്ച് യു.എസ്. ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ തീരുമാനം സൈനികരുടെ കുടുംബാംഗങ്ങളെ അസ്വസ്ഥരാക്കിയതായാണ് റിപ്പോര്‍ട്ട്.

SHARE