ന്യൂഡല്‍ഹി: ചൈനക്കാര്‍ നമ്മുടെ പ്രദേശത്തേത്ത് പ്രവേശിച്ചിട്ടില്ലെന്നും ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറ്റങ്ങളൊന്നുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) അതിര്‍ത്തിയിലെ സംഭവത്തെക്കുറിച്ച് സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയിട്ടില്ലെന്നും ഇന്ത്യയുടെ ഒരു സൈനിക പോസ്റ്റില്‍ പോലും അവര്‍ അധീശത്വം സ്ഥാപിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യ, ചൈനയ്ക്ക് തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്നും ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
”അവര്‍ നമ്മുടെ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയിട്ടില്ല, ഒരു പോസ്റ്റും അവര്‍ ഏറ്റെടുത്തിട്ടില്ല (ചൈന). ഞങ്ങളുടെ ഇരുപത് ജവാന്മാര് രക്തസാക്ഷികളായിരുന്നു, എന്നാല്‍ ആരാണോ ഭാരത് മാതാവിനെതിരെ തുനിഞ്ഞത് അവര്‍ ഒരു പാഠം പഠിപ്പിച്ചിട്ടുണ്ട്, ” ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. വീരമൃത്യു വരിച്ച ജവാന്മാര്ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്. ഏത് മേഖലയിലേക്ക് നീങ്ങാനും ഇന്ത്യ സജ്ജമാണ്. ഇന്ത്യന്‍ സേനയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സേനയ്ക്ക് ഉചിതമായ നടപടിക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലഡാക്ക് അതിര്‍ത്തിയില്‍ സംഭവിച്ചത് എന്തെന്ന് പ്രധാനമന്ത്രി പറയുന്നില്ലെന്നും ഇന്റലിജന്‍സിന് വീഴ്ച പറ്റിയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
എന്നാല്‍ രഹസ്യന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ലഡാക്ക് സംഘര്‍ഷത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ സുതാര്യമായി പറയമെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി പറഞ്ഞത്.
അതേസമയം പഞ്ചശീല്‍ ഉടമ്പടിയില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞു. ചൈനയുമായുള്ള ബന്ധം സമാധാനപരമായി നിലനില്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സൈനികരുടെ വിലയേറിയ ജീവന് രക്ഷിക്കാന്‍ നമുക്ക് കഴിയുമായിരുന്നു എന്നതാണ് ആത്മപരിശോധയില് മനസ്സിലാക്കാന്‍ കഴിയുന്നത്. 2020 ഏപ്രിലിനും ജൂണിനുമിടയില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സര്‍വ്വകക്ഷി യോഗത്തില്‍ അതുണ്ടായില്ലെന്നും യെച്ചൂരി പറഞ്ഞു.
രാജ്യസുരക്ഷയുടെ കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് പറഞ്ഞു.
ഇന്ത്യയെ സഖ്യത്തില്‍ ചേര്‍ക്കാനുള്ള അമേരിക്കന്‍ ശ്രമത്തെ പ്രതിരോധിക്കണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു.