കൊറോണ വൈറസ് സാംപിളുകള്‍ നശിപ്പിച്ചതായി സമ്മതിച്ച് ചൈന

രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചില കൊറോണ വൈറസ് സാംപിളുകള്‍ നശിപ്പിച്ചതായി സമ്മതിച്ച് ചൈന. വൈറസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചുവെന്ന യുഎസിന്റെ ആരോപണങ്ങള്‍ക്ക് ആക്കംകൂട്ടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചില ലബോറട്ടറികളില്‍ ഉണ്ടായിരുന്ന വൈറസ് സാംപിളുകള്‍ നശിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ജനുവരി മൂന്നിന് ഉത്തരവ് നല്‍കിയിരുന്നുവെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷനിലെ സയന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ വിഭാഗം സൂപ്പര്‍വൈസര്‍ ലിയു ഡെങ്‌ഫെങ് ബെയ്ജിങ്ങില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാരകമായ വൈറസിനെ കൈകാര്യം ചെയ്യാന്‍ ശേഷിയില്ലാത്ത ലാബുകളില്‍ സൂക്ഷിച്ചിരുന്ന വൈറസുകള്‍ നശിപ്പിക്കാനായിരുന്നു നിര്‍ദേശം. ലാബുകളുടെ സുരക്ഷ ഉറപ്പാക്കാനും അജ്ഞാതമായ രോഗാണുക്കള്‍ മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുമായിരുന്നു നടപടിയെന്നും ലിയു പറഞ്ഞു. വൈറസ് അപകടകാരിയാണെന്ന വിദഗ്ധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സാംപിളുകള്‍ നശിപ്പിക്കാന്‍ നിര്‍ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗവ്യാപനത്തിന്റെ തീവ്രത മറച്ചുവയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സാംപിളുകള്‍ നശിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ജനുവരി മൂന്നിന് ഉത്തരവിട്ടതെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. വൈറസിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കു ചൈന സെന്‍സറിങ് ഏര്‍പ്പെടുത്തിയെന്നും പോംപിയോ വ്യക്തമാക്കിയിരുന്നു. വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് അമേരിക്കയും ചൈനയും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്ന സാഹചര്യത്തിലാണ് ആദ്യഘട്ടത്തില്‍ സാംപിളുകള്‍ നശിപ്പിച്ചുവെന്ന ചൈനയുടെ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.

SHARE