പാലം പണി 36 മണിക്കൂറില്‍ തീര്‍ന്നു; തീവണ്ടി പിടിച്ചിട്ടത് 58 മിനുട്ട് മാത്രം…

പുനര്‍നിര്‍മിച്ച ശേഷം

പൊതുസ്ഥലങ്ങളിലെ ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വരെ മാസങ്ങളെടുക്കുന്നതാണ് കേരളത്തിലെ രീതി. നടപ്പാത മുതല്‍ മെട്രോ റെയില്‍ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ ബാധിക്കാത്ത വിധം നടത്താനുള്ള സൗകര്യവും സാങ്കേതികവിദ്യയും നമ്മുടെ നാട്ടിലില്ല. അപ്പോള്‍, പ്രധാന റെയില്‍പ്പാതക്ക് കുറുകെ പാലം സ്ഥാപിക്കാന്‍ ഒന്നര ദിവസമേ
എടുത്തുള്ളൂ എന്നു കേട്ടാല്‍ വിശ്വസിക്കുമോ? വിശ്വസിച്ചാലുമില്ലെങ്കിലും സംഗതി സത്യമാണ്. കൃത്യമായ പ്ലാനിങും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ചൈനയിലെ എഞ്ചിനീയര്‍മാര്‍ ആണ് വികസിത രാജ്യങ്ങളെ പോലും അമ്പരപ്പിക്കുന്ന നേട്ടം കൈവരിച്ചത്.

പാലം പുനര്‍നിര്‍മാണത്തിനു മുമ്പ്‌
പാലം പുനര്‍നിര്‍മാണത്തിനു മുമ്പ്‌

തലസ്ഥാനമായ ബീജിങിലെ തിരക്കേറിയ സാന്‍ യുവാന്‍ പാലം കാലപ്പഴക്കം കാരണം പുനര്‍നിര്‍മിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത് ഈയിടെയാണ്. പ്രതിദിനം രണ്ടു ലക്ഷത്തിലധികം വാഹനങ്ങള്‍ ആശ്രയിക്കുന്ന പാലം നിര്‍മാണത്തിനു വേണ്ടി അടച്ചിടുക എന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നതായിരുന്നു അധികൃതരുടെ പേടി. എന്നാല്‍, സമര്‍ത്ഥരായ എഞ്ചിനീയര്‍മാരും ഉദ്യോഗസ്ഥരും കൃത്യമായ പ്ലാനിങ്ങോടെ ഒരുമിച്ചപ്പോള്‍ തൂണുകള്‍ പൊളിച്ചുമാറ്റി ഉയരം കൂട്ടുന്നതും പാത ഇരട്ടിപ്പിക്കുന്നതുമടക്കമുള്ള പുനര്‍നിര്‍മാണ ജോലി വെറും 36 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയായി. ഇതില്‍, റെയില്‍ പാളത്തിന്റെ ഇരുവശങ്ങളെയും യോജിപ്പിക്കുന്ന ‘സ്വിങ് സ്പാന്‍’ എന്ന പ്രധാന ഭാഗം ഫിറ്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ പോലുമെടുത്തില്ല. ഇതുവഴി സ്ഥിരമായി ഓടുന്ന ട്രെയിന്‍ 58 മിനുട്ട് മാത്രമേ പിടിച്ചിടേണ്ടി വന്നുള്ളൂ.

പുനര്‍നിര്‍മിച്ച ശേഷം
പുനര്‍നിര്‍മിച്ച ശേഷം

24 മണിക്കൂര്‍ കൊണ്ട് പാലം പൊളിച്ചുപണിയാമെന്നായിരുന്നു എഞ്ചിനീയര്‍മാരുടെ ആദ്യത്തെ കണക്കുകൂട്ടല്‍. എന്നാല്‍, പൊളിച്ചു തുടങ്ങിയപ്പോഴാണ് തൂണുകളുടെ അവസ്ഥ പ്രതീക്ഷിച്ചതിലും മോശമാണെന്ന് കണ്ടെത്തിയത്. എല്ലാ തൂണുകളും പൊളിച്ചുമാറ്റി പകരം, നേരത്തെ ഉണ്ടാക്കിവെച്ചിരുന്ന 180 അടി നീളവും 147 അടി വീതിയുമുള്ള ബീമുകള്‍ കൂറ്റന്‍ യന്ത്രങ്ങളുപയോഗിച്ച് സ്ഥാപിക്കുകയായിരുന്നു. വിവിധ ഷിഫ്റ്റുകളിലായി എഞ്ചിനീയര്‍മാരും കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളും രാപകല്‍ ഭേദമില്ലാതെ ജോലി ചെയ്തു. നേരത്തെ ഉണ്ടാക്കിവെച്ചിരുന്ന സ്വിങ് സ്പാന്‍ യന്ത്രങ്ങളുടെ സഹായത്തോടെ ഒരു മണിക്കൂറില്‍ത്താഴെ സമയം കൊണ്ട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

SHARE