എവറസ്റ്റില്‍ നിന്ന് നാലു ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി

ബീജിങ്: എവറസ്റ്റ് കൊടുമുടിയുടെ ചൈനീസ് ഭാഗത്തുനിന്ന് വന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഓക്‌സിജന്‍ ടാങ്കുകള്‍, കയറുകള്‍, സ്‌റ്റോവുകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, ടെന്റുകള്‍ തുടങ്ങി നാലു ടണ്ണിലേറെ മാലിന്യങ്ങളാണ് അഞ്ചു ദിവസത്തിനിടെ നീക്കംചെയ്തത്. ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള പര്‍വ്വതാരോഹകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

നൂറിലേറെ യാക്കുകളുടെ സഹായത്തോടെയാണ് മാലിന്യങ്ങള്‍ എവറസ്റ്റില്‍നിന്ന് താഴെ എത്തിച്ചത്. മലകയറുന്ന വഴികളും ബേസ് ക്യാമ്പ് സൈറ്റുകളും വൃത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒമ്പതു ദിവസം നീണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും എവറസ്റ്റിന്റെ വടക്കന്‍ ഭാഗത്ത് പര്‍വ്വതാരോഹകരും അവരുടെ ഗൈഡുകളുമടക്കം അറുപതിനായിരത്തോളം പേര്‍ എത്തുന്നുണ്ട്. ബേസ് ക്യാമ്പുകള്‍ വൈദ്യുതീകരിച്ചും അധ്യാധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയും എവറസ്റ്റ് ദൗത്യങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ ചൈനയും നേപ്പാളും വന്‍ പദ്ധതികളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.