ചൈനയും ലോകാരോഗ്യ സംഘടനയും ലോകത്തെ വഞ്ചിച്ചു; വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

വാഷിങ്ടണ്‍: കോവിഡിന്റെ വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചുവെക്കാന്‍ ശമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയില്‍ അഭയം തേടിയെത്തിയ ചൈനീസ് വൈറോളജിസ്റ്റിന്റേതാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്ന ഡോ. ലി മെങ് യാന്‍ ആണ് ഇക്കാര്യം പുറത്തുപറഞ്ഞത്. അമേരിക്കന്‍ വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസിനോടാണ് ഇക്കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയത്.

വൈറസ് ബാധയെപ്പറ്റി ലോകത്തോട് വെളിപ്പെടുത്തുന്നതിന് മുമ്പുതന്നെ ചൈനയില്‍ രോഗം പടരുന്നുണ്ടായിരുന്നുവെന്നും അക്കാര്യം ചൈനീസ് ഭരണാധികാരികള്‍ മറച്ചുവെക്കുകയായിരുന്നുവെന്നും ഡോ. ലി മെങ് യാന്‍ പറയുന്നു. വൈറസ് വ്യാപനത്തെപ്പറ്റി ഗവേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും വൈറോളജി മേഖലയിലെ വിദഗ്ധന്‍ ആയിരുന്നിട്ടും തന്റെ സൂപ്പര്‍വൈസര്‍ അവയൊക്കെ നിരുത്സാഹപ്പെടുത്തിയെന്നും ലി മെങ് യാന്‍ പറയുന്നു. അന്ന് ഗവേഷണം നടത്താന്‍ ശ്രമിച്ച വൈറസ് രോഗമാണ് ഇന്ന് ലോകം മുഴുവന്‍ പടര്‍ന്ന കോവിഡ് എന്ന് ഇവര്‍ വ്യക്തമാക്കി.

ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ലോകാരോഗ്യ സംഘടനയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്. ലാബിന്റെ കോ ഡയറക്ടറായ പ്രൊഫ. മാലിക് പെയ്‌രിസ് രോഗവ്യാപനത്തേപ്പറ്റി മുന്‍കൂര്‍ വിവരങ്ങള്‍ ലഭിച്ചിട്ടും നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. ലോകാരോഗ്യ സംഘടനയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ധാരണകളേപ്പറ്റി അറിയാമായിരുന്നതിനാല്‍ അതില്‍ വലിയ അത്ഭുതമൊന്നും തോന്നിയിരുന്നില്ലെന്നും യാന്‍ പറയുന്നു.

അന്ന് ഗവേഷണം നടന്നിരുന്നുവെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. ഇന്ന് കോവിഡ് എന്ന് വിളിക്കുന്ന മഹാമാരിയുടെ ആരംഭ സമയത്ത് അതേപ്പറ്റി ഗവേഷണം നടത്തിയ അഞ്ചു പേരിലൊരാളാണ് താനെന്നും യാന്‍ പറഞ്ഞു.

SHARE