സാമ്പത്തിക വളര്‍ച്ച ലക്ഷ്യം ചൈന കുറച്ചു

ബീജിങ്: ലോകത്തെ രണ്ടാമത്ത ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന ചൈന ദേശീയ വളര്‍ച്ച ലക്ഷ്യം 6.5 ശതമാനമായി നിശ്ചയിച്ചു. കുന്നുകൂടിക്കൊണ്ടിരിക്കുന്ന കടബാധ്യത നേരിടുന്നതിന് കടുത്ത പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെട്ടിക്കുറക്കാന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചത്. വ്യക്തമായ ലക്ഷ്യ ബോധത്തോടെയാണ് രാജ്യം മുന്നോട്ടുപോകുന്നതെന്ന് പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ലി കെഖ്വിയാങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 6.5 മുതല്‍ ഏഴു ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വന്‍തോതിലുള്ള ബാങ്ക് വായ്പകളിലൂടെ 6.7 ശതമാനം വളര്‍ച്ച നേടി. പാര്‍പ്പിട മാര്‍ക്കറ്റിങ് മേഖലയെ തളര്‍ത്തിയും വായ്പയെടുക്കുന്നത് കുറച്ചും മുന്നോട്ടുപോകാനാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. ആഭ്യന്തര ഉപഭോഗത്തെയും സ്വകാര്യ നിക്ഷേപത്തെയും മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാണ് ചൈന ആലോചിക്കുന്നത്. സുസ്ഥിര സാമ്പത്തിക വളര്‍ച്ച നേടാന്‍ അതുവഴി സാധിക്കുമെന്നും ഭരണകൂടം ആലോചിക്കുന്നു. ആഗോള സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം കഴിഞ്ഞ വര്‍ഷം കയറ്റുമതിയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന് 6.5 ശതമാനം വളര്‍ച്ച തന്നെ പര്യാപ്തമാണെന്ന് ചൈനീസ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു. 2016ല്‍ 13.14 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചു. തൊഴിലവസരങ്ങള്‍ തേടുന്ന അഭ്യസ്ഥവിദ്യരുടെയും മറ്റും എണ്ണം റെക്കോര്‍ഡ് തലത്തില്‍ കൂടുകയും ചെയ്തു.

SHARE